സംസ്ഥാനത്ത് ‘അതിഥി’യായി വിലസുന്ന ക്രിമിനലുകള്‍ ഏറെ; 3,600 ലേറെ കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികൾ

Jaihind Webdesk
Thursday, December 30, 2021

 

തിരുവനന്തപുരം : സംസ്ഥാനത്തിന് ആശങ്കയുയർത്തി അന്യ സംസ്ഥാന തൊഴിലാളികളിലെ ക്രിമിനലുകൾ. കിഴക്കമ്പലത്ത് പൊലീസിന് നേരെ നടന്ന അക്രമം സംസ്ഥാനത്തെ ഒട്ടാകെ ഭീതിയിലാഴ്ത്തുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികളായി കടന്നുകൂടുന്ന ക്രിമിനലുകളെ തിരിച്ചറിയുന്നതിൽ പറ്റിയ വീഴ്ചയാണ് സംസ്ഥാനത്തിന് തിരിച്ചടിയാകുന്നതെന്നാണ് വ്യക്തമാകുന്നത്.

തൊഴിലാളികളായി സംസ്ഥാനത്ത് എത്തുന്നവരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും ഉണ്ടെന്നുള്ളതിന്‍റെ സൂചനയാണ് കിഴക്കമ്പലത്ത് പൊലീസിന് നേരെ നടന്ന ആക്രമണം. അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേരളത്തിലെ ആദ്യത്തെ സംഭവമല്ല കിഴക്കമ്പലത്തെ അക്രമം. 2016 ൽ നാടിനെ നടുക്കിയ പെരുമ്പാവൂരിലെ ജിഷ വധക്കേസ് ഉൾപ്പെടെ കഴിഞ്ഞ വർഷങ്ങളിൽ 3600 ലേറെ കുറ്റകൃത്യങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികളാണ് പ്രതികൾ.

2015 ൽ കോട്ടയം പറമ്പുഴയിൽ ദമ്പതികളെയും മകനെയും കൊന്ന കേസും ആലപ്പുഴയിൽ ഷാപ്പുടമയെ കൊന്നു ഫ്രീസറിൽ വെച്ച കേസുമെല്ലാം അന്യ സംസ്ഥാന തൊഴിലാളിൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ കൊലപാതകങ്ങളും മോഷണങ്ങളും പീഡനങ്ങളും തുടങ്ങി നിരവധി കുറ്റകൃത്യങ്ങൾ നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളിലെ ക്രിമിനൽ മനോഭാവമുള്ളവർ അധികവും വ്യാജ രേഖകളുമായാണ് സംസ്ഥാനത്ത് എത്തുന്നത്. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിഞ്ഞ് തിരികെ അയക്കാനുള്ള നിയമം സംസ്ഥാനത്ത് ഉണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടികാട്ടുന്നത്.

നിലവിൽ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ കൃത്യമായ കണക്കു തൊഴിൽ വകുപ്പിന്‍റെ കയ്യിൽ പോലും ഇല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിഞ്ഞ് തിരികെ അയക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കിഴക്കമ്പലം പോലെയുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ഇനിയും ആവർത്തിക്കപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.