Midhun Death | ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്‍; മിഥുന് കണ്ണീരോടെ വിട നല്‍കി നാട്

Jaihind News Bureau
Saturday, July 19, 2025

കൊല്ലം: കളിച്ചുവളര്‍ന്ന വിദ്യാലയത്തില്‍ നിന്നും വൈദ്യുതാഘാതമേറ്റ് മരണത്തിന് കീഴടങ്ങിയ മിഥുന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മിഥുന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ശാസ്താംകോട്ട വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. വിറങ്ങലിച്ച മനസ്സോടെ, പതിനൊന്നുകാരനായ അനുജന്‍ സുജിന്‍ ജ്യേഷ്ഠന്റെ ചിതയ്ക്ക് തീകൊളുത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.

അമ്മയുടെ അന്ത്യചുംബനം, അണപൊട്ടിയ ദുഃഖം

മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുവൈത്തില്‍ നിന്നും നാട്ടിലെത്തിയ അമ്മ സുജയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ നാടിന്റെ തീരാവേദനയായി. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സുജ, വീട്ടിലെത്തി മകന്റെ ചേതനയറ്റ ശരീരം കണ്ട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ശവമഞ്ചത്തില്‍ കെട്ടിപ്പിടിച്ച് അന്ത്യചുംബനം നല്‍കുമ്പോള്‍ അവരെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങി. ഇളയ മകനെ ചേര്‍ത്തുപിടിച്ച് മൃതദേഹത്തിനരികെ തളര്‍ന്നിരുന്ന സുജയും അലമുറയിട്ട് കരഞ്ഞ പിതാവ് മനുവും ആരുടേയും കരളലിയിക്കുന്ന കാഴ്ചയായി.

തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് മിഥുനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ആശുപത്രിയില്‍ നിന്ന് സ്‌കൂളിലേക്കുള്ള വിലാപയാത്ര കടന്നുപോയ വഴിയോരങ്ങളില്‍ നിരവധി പേര്‍ കാത്തുനിന്നിരുന്നു. കൊച്ചുമകന്റെ മൃതദേഹം കണ്ട് പിതാവിന്റെ അമ്മ മണിയമ്മയും ക്ലാസ് ടീച്ചറും തളര്‍ന്നുവീണതിനെ തുടര്‍ന്ന് അവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലപരിമിതികള്‍ക്കിടയിലും വിളന്തറയിലെ വീട്ടിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. എന്‍സിസി യൂണിഫോമില്‍ പരേഡ് നടത്താനും കളിക്കളങ്ങളില്‍ ബൂട്ടണിഞ്ഞ് പന്തുതട്ടാനുമുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് മിഥുന്‍ യാത്രയായത്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും കണ്ണീരും ഏറ്റുവാങ്ങി ആ കുരുന്നുജീവന്‍ അഗ്‌നിയില്‍ ലയിച്ചു. ഇനിയവന്‍ ഒരു കണ്ണീരോര്‍മ്മ മാത്രമായി