അഞ്ചാം നാളും യുദ്ധം കത്തുന്നു; ദുബായിലും റിയാദിലും യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഇറാന്റെ 17 കപ്പലുകള്‍ മുക്കി അമേരിക്ക

Jaihind News Bureau
Wednesday, March 4, 2026

ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അഞ്ചാം ദിവസവും ശക്തമായി തുടരുന്നു. ഇന്നു പുലര്‍ച്ചെ ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയെ ലക്ഷ്യമാക്കി ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. കൂടാതെ, ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ കരസേനാ നീക്കം ആരംഭിച്ചിട്ടുണ്ട്. ബെയ്‌റൂട്ടിന് സമീപം കനത്ത ബോംബാക്രമണമാണ് നടക്കുന്നത്.

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്റെ 17 കപ്പലുകള്‍ മുക്കി യുഎസ്

അമേരിക്കന്‍ സൈന്യം നടത്തുന്ന ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യിലൂടെ ഇതുവരെ ഇറാന്റെ 2,000 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഒരു അന്തര്‍വാഹിനി ഉള്‍പ്പെടെ 17 ഇറാനിയന്‍ യുദ്ധക്കപ്പലുകള്‍ തകര്‍ത്തു. നിലവില്‍ ഹോര്‍മുസ് കടലിടുക്കിലോ ഒമാന്‍ ഗള്‍ഫിലോ ഒരൊറ്റ ഇറാനിയന്‍ കപ്പല്‍ പോലും ചലിക്കുന്നില്ലെന്ന് യുഎസ് വക്താവ് ബ്രാഡ് കൂപ്പര്‍ വ്യക്തമാക്കി.

റിയാദിലെ യുഎസ് എംബസിയില്‍ ഡ്രോണ്‍ ആക്രമണം; സിഐഎ സ്റ്റേഷന് ആഘാതം

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ തിങ്കളാഴ്ച ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അവിടുത്തെ സിഐഎ (CIA) സ്റ്റേഷന് ആഘാതമേറ്റതായി റിപ്പോര്‍ട്ട്. എന്നാല്‍ സ്റ്റേഷനെ നേരിട്ട് ലക്ഷ്യം വെച്ചതാണോ ആക്രമണമെന്ന് വ്യക്തമല്ല.

ഇറാനില്‍ വ്യാപക ആക്രമണം; ഇറാഖിലും സംഘര്‍ഷം

ഇറാനിലുടനീളം ‘ശക്തമായ ആക്രമണ പരമ്പര’ ആരംഭിച്ചതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇതിനിടെ ഇറാഖിലെ അര്‍ബിലിന് സമീപമുള്ള ഇറാനിയന്‍ കുര്‍ദിഷ് പ്രതിപക്ഷ ക്യാമ്പിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി.

സിറിയന്‍ സൈന്യം ലബനന്‍ അതിര്‍ത്തിയിലേക്ക്

മേഖലയിലെ യുദ്ധം പടരുന്ന സാഹചര്യത്തില്‍ സിറിയ തങ്ങളുടെ അതിര്‍ത്തികള്‍ ശക്തിപ്പെടുത്തി. ആയിരക്കണക്കിന് സൈനികരെയും റോക്കറ്റ് യൂണിറ്റുകളെയും ലബനന്‍, ഇറാഖ് അതിര്‍ത്തികളിലേക്ക് സിറിയ വിന്യസിച്ചു.

മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമോന്നത നേതാവ്

ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മൊജ്തബ ഖമേനിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തു. ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഖത്തറിലെ യുഎസ് താവളത്തിന് നേരെ മിസൈല്‍; ബ്രിട്ടന്റെ അപലപനം

ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളമായ അല്‍ ഉദൈദിന് നേരെ ഇറാന്‍ രണ്ട് മിസൈലുകള്‍ തൊടുത്തു. ആര്‍ക്കും പരിക്കില്ല. റിയാദിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പര്‍ ശക്തമായി അപലപിച്ചു.

അമേരിക്കന്‍ പൗരന്മാരുടെ കൂട്ടപ്പലായനം

യുദ്ധം രൂക്ഷമായതോടെ 9,000 അമേരിക്കക്കാര്‍ ഇതിനകം മിഡില്‍ ഈസ്റ്റ് വിട്ടു. 1,600 പേര്‍ കൂടി മടങ്ങാന്‍ സഹായം തേടിയിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.

ദുബായ് യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ഇറാനിയന്‍ ഡ്രോണ്‍ പതിച്ചു. ചെറിയ തോതിലുള്ള തീപിടുത്തം ഉണ്ടായെങ്കിലും ഉടന്‍ അണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസും മാര്‍ക്കോ റൂബിയോയും സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ തങ്ങള്‍ക്ക് നേരെ ആയിരത്തിലധികം ആക്രമണങ്ങള്‍ ഉണ്ടായതായി യുഎഇ വെളിപ്പെടുത്തി.

കപ്പലുകള്‍ക്ക് അകമ്പടിയുമായി യുഎസ് നാവികസേന; ചാര്‍ട്ടര്‍ വിമാനങ്ങള്‍ റെഡി

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടാല്‍ യുഎസ് നാവികസേന സുരക്ഷയൊരുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യുഎഇ, സൗദി, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് പൗരന്മാരെ മാറ്റാന്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.