ട്രംപിന് തിരിച്ചടി; ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് മുന്നേറ്റം

ഇടക്കാല തെരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് വൻ തിരിച്ചടി. പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാർട്ടിക്ക് എട്ടുവർഷത്തിനു ശേഷം ജനപ്രതിനിധി സഭയിൽ ആധിപത്യം. എന്നാൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിറുത്തിയതിനാൽ ഇംപീച്ച്മെന്‍റ് നടപടികളിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടു. ഫലം പൂർണമായി പുറത്തുവന്നിട്ടില്ല.

രണ്ടുവർഷത്തിനുശേഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരം കടുത്തതാകുമെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. 435 അംഗ ജനപ്രതിനിധിസഭയിൽ 27 അംഗങ്ങളെക്കൂടി എത്തിച്ച് 222 സീറ്റുകളുമായാണ് ഡെമോക്രാറ്റുകൾ കേവലഭൂരിപക്ഷം നേടിയത്. 218 സീറ്റുകളായിരുന്നു ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത്. 36 സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടന്ന നൂറംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷമെങ്കിലും നിലനിർത്താനായത് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ആശ്വാസമായി. ഒടുവിലത്തെ റിപ്പോർട്ടനുസരിച്ച് 51 അംഗങ്ങളാണ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്. ഗവർണർ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റുകൾ നേട്ടം കൊയ്തു. നിരവധി സംസ്ഥാനങ്ങൾ തിരിച്ചുപിടിച്ചു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഡെമോക്രാറ്റുകൾ 22 ഇടത്തും റിപ്പബ്ലിക്കൻ പാർട്ടി 25 ഇടത്തും വിജയിച്ചിട്ടുണ്ട്. യു.എസ് കോൺഗ്രസിലെ ‘സമോസ കോക്കസ്’ എന്നറിയപ്പെടുന്ന ഇന്ത്യൻവംശജരുടെ അനൗപചാരിക കൂട്ടായ്മക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ല. എന്നാൽ, അമേരിക്കൻ സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിൽ നിരവധി ഇന്ത്യൻ വംശജർ വിജയിച്ചു.

ഇടക്കാല തെരഞ്ഞെടുപ്പിൽ 90 വനിതാ സ്ഥാനാർഥികൾക്ക് വിജയിക്കാനായത് ചരിത്രമായി. 28 പേർ പുതുമുഖങ്ങളാണ്. ഡെമോക്രാറ്റിക് പാർട്ടിയാണ് കൂടുതൽ വനിതകളെ സഭയിലെത്തിച്ചത്. റഷിദ ത്‌ലായിബ് ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ മുസ്ലിം വനിതയായി. ഇല്ഹാൻ ഒമർ സഭയിലെ സൊമാലി വംശജയായ ആദ്യ വനിതയും ഡെമോക്രാറ്റിക് പാർട്ടിയുടെ അലക്‌സാഡ്രിയ ഒകേസിയ കോർടെക്‌സ് ഏറ്റവും പ്രായം കുറഞ്ഞ വനിതയുമായി. തദ്ദേശീയ അമേരിക്കൻ വംശജരായ രണ്ട് സ്ത്രീകളെ സഭയിലെത്തിക്കാനും ഡെമോക്രാറ്റിക് പാർട്ടിക്ക് കഴിഞ്ഞു. കോളറാഡോ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട അതിസമ്ബന്ന വ്യവസായി ജറേഡ് പോളിസ് ഈ പദവിയിലെത്തുന്ന ആദ്യ സ്വവർഗാനുരാഗി.

ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നഷ്ടമായതോടെ കുടിയേറ്റം, നികുതി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സമൂലമാറ്റംകൊണ്ടുവരാൻ നിയമനിർമാണത്തിന് തുനിയുന്ന ട്രംപിന് കടമ്പകളേറി. ശേഷിക്കുന്ന രണ്ടുവർഷം കടുത്ത വെല്ലുവിളിയാകുമെന്നും ഉറപ്പായി. കോർപ്പറേറ്റുകൾക്ക് നികുതിയിളവ് നൽകിയതടക്കമുള്ള ട്രംപിന്‍റെ വിവാദമായ ഉത്തരവുകളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാനുള്ള അധികാരം ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭ തിരിച്ചുപിടിച്ചതിലൂടെ ലഭിച്ചു. മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയാനുള്ള ട്രംപിന്‍റെ തീരുമാനത്തിന് തടയിടാനും ഇതിലൂടെ സാധിക്കും.

ട്രംപ് അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പ് കുടിയേറ്റനയം അടക്കമുള്ള അമേരിക്കൻ പ്രസിഡന്‍റിന്‍റെ വിവാദ നിലപാടുകൾക്കുള്ള ഹിതപരിശോധനയാകുമെന്നാണ് വിലയിരുത്തപ്പെട്ടത്. 2016ൽ ട്രംപ് അധികാരത്തിലെത്തിയതോടെ അമേരിക്കയിലുണ്ടായ രാഷ്ട്രീയ, സാംസ്‌കാരിക വിഭജനം കൂടുതൽ ബലപ്പെട്ടതായി തെളിയിക്കുന്നതാണ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലം.

Donald TrumpUS Mid-term electionsDemocratsrepublicans
Comments (0)
Add Comment