സംസ്ഥാനത്ത് വ്യാപകമായി മൈക്രോ ബ്രൂവറികൾ തുടങ്ങാൻ പദ്ധതിയിട്ടതിന്‍റെ തെളിവുകൾ പുറത്ത്. അബ്കാരി ചട്ടം ഭേദഗതി ചെയ്യണമെന്ന് എക്‌സെസ് കമ്മീഷണറുടെ റിപ്പോർട്ട്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാനത്ത് മദ്യം ഒഴുക്കാൻ സർക്കാർ ആസൂത്രിതമായി തീരുമാനിച്ചതായി വ്യക്തമായി. മൈക്രോ ബ്രൂവറി വിഷയത്തിൽ എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്ത് മൈക്രോ ബ്രൂവറികൾ ആരംഭിക്കാൻ മദ്യരംഗത്തെ ചില വൻകിട ഗ്രൂപ്പുകൾ താൽപര്യം കാട്ടിയതിനെ തുടർന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്താൻ എക്സൈസ് കമ്മീഷണറോട് സംസ്ഥാന സര്‍ക്കാര്‍ നിർദ്ദേശിച്ചത്. ഇതിനെ തുടർന്നാണ് ബംഗളുരുവിലെ മൈക്രോ ബ്രൂവറികളിൽ ഋഷിരാജ് സിംഗിംന്‍റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. 2017 ഒക്ടോബര്‍, 16, 17 ദിവസങ്ങളിലായാണ് സംഘം കര്‍ണാടക സന്ദര്‍ശിച്ചത്.
മൈക്രോ ബ്രൂവറികൾ ആരംഭിക്കാൻ നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു. വിഷയത്തിൽ നയപരമായ തീരുമാനമെടുക്കുമ്പോൾ വിപണി സാധ്യതയും സാമൂഹിക പ്രത്യാഘാതങ്ങളും പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ശുപാർശ ചെയ്തു. 2017 നവംബർ 19 നാണ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചത്. ബംഗളുരുവിലെ മൈക്രോ ബ്രൂവറികളിൽ വ്യത്യസ്ത രുചികളിലുള്ള ബിയർ ഉത്പാദിപ്പിക്കുന്നുണ്ട് റിപ്പോർട്ടിൽ പറയുന്നു. ഒരു മൈക്രോ ബ്രുവറി ആരംഭിക്കുന്നതിന് തുടക്കത്തിൽ കുറഞ്ഞത് നാലു കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2011 മുതൽ മൈകോ ബ്രൂവറി ആരംഭിക്കുന്നതിന് കര്‍ണാടക എക്സൈസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് സർക്കാർ പരിശോധിച്ചങ്കിലും ഇതു വരെ തീരുമാനം എടുത്തിട്ടില്ല.
സി.പി.എം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന ചില അബ്കാരി ലോബികൾ ആണ് മൈക്രോ ബ്രൂവറികൾ ആരംഭിക്കുന്നതിന് പിന്നിലെന്നാണ് സുചന. റിപ്പോർട്ടിനെ തുടർന്ന് മൈക്രോ ബ്രൂവറികൾ ആരംഭിക്കാൻ സർക്കാർ നീക്കം ആരംഭിച്ചെങ്കിലും ബ്രൂവറി-ഡിസ്റ്റിലറി വിവാദത്തെ തുടർന്ന് തൽക്കാലം പിൻമാറുകായിരുന്നു.