എം.ഐ ഷാനവാസിന്‍റെ രണ്ടാം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Jaihind News Bureau
Saturday, November 21, 2020

 

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാവും വയനാട് മുൻ എം.പിയുമായിരുന്ന എം.ഐ ഷാനവാസിന്‍റെ രണ്ടാം അനുസ്മരണ സമ്മേളനം ഷാനവാസ് അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എം.ഐ ഷാനവാസ് ഇപ്പോഴും ജനഹൃദയങ്ങളിൽ ജീവിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ വേർപാട് സൃഷ്ടിച്ചത് വല്ലാത്ത ശൂന്യതയാണെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പ്രതിസന്ധിയെ മറികടക്കാൻ അസാധാരണ വൈഭവം പ്രകടിപ്പിച്ചു നേതാവാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഷാനവാസ് ബഹുമുഖമായ കഴിവുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഞ്ചനാപരമായ നിലപാടുകളെ തിരിച്ചറിയാൻ നല്ല നേതൃനിര കോൺഗ്രസിനുണ്ട്. അതിൽ അഗ്രഗണ്യനായിരുന്നു ഷാനവാസ്.

രക്തസാക്ഷികളുടെ പേരിൽ അധികാരത്തിൽ വന്ന പാർട്ടി സ്വർണ്ണക്കടത്ത് നടത്തുമ്പോൾ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. വഴിതെറ്റിയ പാർട്ടിക്ക് മുഖ്യമന്ത്രിയെ തിരുത്താനാവില്ല. 25 ന് എൽ.ഡി.എഫ് നടത്തുന്ന സമരം അഴിമതിക്കാരെയും അധോലോകത്തെയും പിന്തുണയ്ക്കാനാണെന്നും. ഇത് കറുത്ത അധ്യായമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജനതാൽപര്യം മാനിക്കാതെയുള്ള വികസന സങ്കൽപ്പങ്ങൾക്ക് എം.എ ഷാനവാസ് എന്നും എതിരായിരുന്നുവെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ വ്യക്തമാക്കി.കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും സുധീരൻ അനുസ്മരിച്ചു.

ഷാനവാസ് ഉജ്വലനായ വാഗ്മിയും പ്രഗത്ഭനായ സംഘാടകനുമായിരുന്നുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. അചഞ്ചലമായ മതവിശ്വാസവും അടിയുറച്ച മതേതരത്വവും പുലർത്തുന്ന നേതാവായിരുന്നു ഷാനവാസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്‍റെ എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും എം.ഐ ഷാനവാസിൻ്റെ പിന്തുണ ഉണ്ടായിരുന്നുവെന്ന് മുൻ മന്ത്രിയും ജയ്ഹിന്ദ് എം.ഡിയുമായ കെ.വി തോമസ് വ്യക്തമാക്കി. ഷാനവാസ് ഉജ്ജ്വലമായ പ്രവർത്തനമാണ് രാഷ്ട്രീയ രംഗത്ത് കാഴ്ച്ചവെച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.