എം.ജി സർവകലാശാല കൈക്കൂലി കേസ്; സി.ജെ എൽസിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

Jaihind Webdesk
Friday, December 23, 2022

 

കോട്ടയം: എം.ജി സർവകലാശാല കൈക്കൂലിക്കേസിലെ പ്രതി സി.ജെ എൽസിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള സർവകലാശാല ഉത്തരവ് ഇറങ്ങി. സി.ജെ എൽസി കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതായി എം.ജി സർവകലാശാല സിൻഡിക്കേറ്റ്. എൽസി വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങുകയും രണ്ട് എംബിഎ വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തുകയും ചെയ്തതായി സർവകലാശാല സിൻഡിക്കേറ്റ് നടത്തിയ വിദഗ്ധസമിതി അന്വേഷണത്തിൽ ബോധ്യമായിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനമാണ് ഇപ്പോൾ നടപ്പിലായത്.

ഈ മാസം ജനുവരിയിലാണ് വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇടത് സംഘടനാ നേതാവ് കൂടിയായ സി.ജെ എൽസിയെ വിജിലൻസ് പിടികൂടിയത്. എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വേഗം കൈമാറുന്നതിന് തിരുവല്ല സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ കയ്യിൽ നിന്ന് പലതവണയായി എൽസി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ പതിനായിരം രൂപ വാങ്ങിയ എൽസി നവംബർ 26ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും കൈപ്പറ്റി. ജനുവരിയിൽ ആദ്യ ആഴ്ചയിൽ മറ്റൊരു പതിനായിരം രൂപയും കൈപ്പറ്റി.

തുടർന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ 50,000 രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർത്ഥിനി കോട്ടയം വിജലൻസ് എസ്പി വി.ജി വിനോദ് കുമാറിനെ സമീപിച്ചത്. 50,000 നൽകാനാകില്ലെന്ന് വിദ്യാർത്ഥിനി അറിയിച്ചതോടെ മുപ്പതിനായിരമാക്കി കുറച്ചു. ഉടൻ തന്നെ പണം കൈമാറാനായിരുന്നു നിർദേശം. സർവകലാശാല ആസ്ഥാനത്തുവെച്ച് വിദ്യാർത്ഥിനി നൽകിയ 15,000 രൂപ എൽസി കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.