ലയണൽ മെസി ബാഴ്‌സലോണ വിടുന്നു

Jaihind News Bureau
Wednesday, August 26, 2020

സൂപ്പർ താരം ലയണൽ മെസി ബാഴ്‌സലോണ വിടുകയാണെന്ന് റിപ്പോർട്ട്. ഈ ഓഗസ്റ്റിനുശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാൻസ്ഫറിനുള്ള അപേക്ഷ നൽകിയിട്ടുള്ളത്. മെസ്സിയുടെ അപേക്ഷ ലഭിച്ചയുടനെ ബാഴ്സ ക്ലബ് ഡയറക്ടർമാർ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ടുകളെ ശരിവച്ചു കൊണ്ട് മുൻ ബാഴ്‌സലോണ ക്യാപ്റ്റൻ കാർലോസ് പുയോൾ ട്വിറ്ററിലൂടെ മെസിയ്ക്ക് യാത്ര അയപ്പ് നൽകുകയും ചെയ്തു. ബാഴ്സ വിടുന്ന മെസ്സി ഏത് ക്ലബിലേയ്ക്ക് ചേക്കേറുമെന്ന് ഔദ്യോഗികമായി അറിവില്ല. എങ്കിലും മുൻ ബാഴ്സ പരിശീലകൻ പെപ്പ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്ക് മെസി പോയേക്കുമെന്നാണ് അഭ്യൂഹം. 2001ൽ ക്ലബിലെത്തിയത് പരിഗണിച്ചാൽ രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്.