
ലോക ഫുട്‌ബോള്‍ ഇതിഹാസം ലയോണല്‍ മെസിയുടെ ഇന്ത്യന്‍ പര്യടനമായ ‘ഗോട്ട്’ ടൂര്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ശനിയാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിച്ച പര്യടനം ഇന്ന് മുംബൈയില്‍ എത്തി. ഇന്ന് വൈകുന്നേരം മുംബൈയിലെ പ്രമുഖ വേദികളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ മെസ്സി പങ്കെടുക്കും.
ഇന്നത്തെ പരിപാടികള്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ ടൂര്‍ണമെന്റോടെ ആരംഭിക്കും. തുടര്‍ന്ന്, വൈകുന്നേരം അഞ്ച് മണിക്ക് മുംബൈയുടെ അഭിമാനമായ വാങ്കഡെ സ്റ്റേഡിയമാണ് മെസ്സിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇവിടെ നടക്കുന്ന സെലിബ്രിറ്റി സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ താരം പങ്കെടുക്കും. ഇതിനുശേഷം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം ലക്ഷ്യമിട്ടുള്ള ഫാഷന്‍ ഷോയിലും മെസ്സി മുഖ്യാതിഥിയാകും. പരിപാടികള്‍ക്കായി ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് പതിനായിരം രൂപ മുതലാണ് ആരംഭിക്കുന്നത്.
മെസ്സിയുടെ ഇന്ത്യന്‍ പര്യടനത്തിന് കൊല്‍ക്കത്തയില്‍ മികച്ച വരവേല്‍പ്പ് ലഭിച്ചെങ്കിലും, ആദ്യ ദിനം അപ്രതീക്ഷിതമായ തിരക്കും അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍, മുംബൈയില്‍ അതീവ ജാഗ്രതയിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. താരത്തിനും പൊതുജനങ്ങള്‍ക്കും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത തരത്തില്‍ അതീവശക്തമായ സുരക്ഷാ വിന്യാസമാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പര്യടനം ഡിസംബര്‍ 15 തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും.