
ഫുട്‌ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ എന്ന പേരിലുള്ള മൂന്ന് ദിവസത്തെ പര്യടനത്തിനായി മെസ്സി നാളെ പുലര്‍ച്ചെ 1.30-ന് കൊല്‍ക്കത്തയില്‍ വിമാനമിറങ്ങും. 2011-ന് ശേഷം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മെസ്സി വീണ്ടും ഇന്ത്യയിലെത്തുന്നത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നീ നാല് പ്രധാന നഗരങ്ങളിലായാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ നിന്നാണ് മെസ്സിയുടെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. രാവിലെ 9.30 മുതല്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടികളില്‍ മെസ്സി പങ്കെടുക്കും. തുടര്‍ന്ന് യുവഭാരതി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം മെസ്സി വേദി പങ്കിടും. 70 അടി ഉയരമുള്ള മെസ്സിയുടെ പ്രതിമയുടെ വെര്‍ച്വല്‍ ഉദ്ഘാടനവും സൗഹൃദ മത്സരവും കൊല്‍ക്കത്തയിലെ പ്രധാന പരിപാടികളാണ്.
കൊല്‍ക്കത്തയിലെ പരിപാടികള്‍ക്ക് ശേഷം മെസ്സി ഉച്ചയ്ക്ക് 2 മണിയോടെ ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഹൈദരാബാദിലെ ഉപ്പല്‍ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന 7v7 ഫുട്‌ബോള്‍ മത്സരത്തില്‍ താരം പങ്കെടുക്കും. ഈ പ്രദര്‍ശന മത്സരത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മെസ്സിക്കൊപ്പം പന്തുതട്ടും. കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ ക്ലിനിക്കുകളും ഈ ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടും. തുടര്‍ന്ന് ശനിയാഴ്ച മെസ്സി മുംബൈയിലും, ഞായറാഴ്ച ന്യൂഡല്‍ഹിയിലും പര്യടനം നടത്തും.
സന്ദര്‍ശനത്തിന്റെ സമാപനം രാജ്യതലസ്ഥാനത്താണ്. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മെസ്സിക്കൊപ്പം മുന്‍ ബാഴ്‌സലോണ താരം ലൂയിസ് സുവാരസും അര്‍ജന്റീന താരം റോഡ്രിഗോ ഡി പോളും ചില പരിപാടികളില്‍ പങ്കുചേരുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, മലയാളി ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് കേരളത്തില്‍ ഒരു പരിപാടിയും ഉള്‍പ്പെടുത്തിയിട്ടില്ല.
തന്റെ സന്ദര്‍ശനത്തില്‍ സന്തോഷം പ്രകടിപ്പിച്ച മെസ്സി, 14 വര്‍ഷം മുന്‍പുള്ള ഇന്ത്യയിലെ നല്ല ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ടെന്നും ഇന്ത്യന്‍ ആരാധകരുടെ ഫുട്‌ബോളിനോടുള്ള അഭിനിവേശം തന്നെ ആഹ്ലാദവാനാക്കുന്നുവെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സതാദ്രു ദത്ത എന്ന സംരംഭകനാണ് ഈ ടൂര്‍ സംഘടിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ഡിസ്ട്രിക്ട് ആപ്പ് വഴി ലഭ്യമാണ്. ഹൈദരാബാദില്‍ മെസ്സിയോടൊപ്പം ഫോട്ടോയെടുക്കാന്‍ 9.95 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്കെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.