മെസി ഇന്ത്യയില്‍; കൊല്‍ക്കത്തയില്‍ ആരാധകരോഷം: സ്വീകരണച്ചടങ്ങുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു

Jaihind News Bureau
Saturday, December 13, 2025

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഇന്ത്യയിലെത്തി. ‘ഗോട്ട്’ ടൂറിനായി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് താരം കൊല്‍ക്കത്തയില്‍ വിമാനമിറങ്ങിയത്. പ്രിയതാരത്തെ ഒരുനോക്ക് കാണാനും സ്വീകരിക്കാനുമായി വിമാനത്താവളത്തിന് പുറത്ത് ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.

കൊല്‍ക്കത്തയില്‍ ആരംഭിച്ച മെസ്സിയുടെ പര്യടനം ഹൈദരാബാദിലെയും മുംബൈയിലെയും പരിപാടികള്‍ക്ക് ശേഷം തിങ്കളാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും അദ്ദേഹത്തോടൊപ്പം പര്യടനത്തിലുണ്ട്.

പര്യടനത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്പോര്‍ട്ടിങ് ക്ലബ്ബ് നിര്‍മ്മിച്ച മെസ്സിയുടെ കൂറ്റന്‍ പ്രതിമ രാവിലെ നടന്ന ചടങ്ങില്‍ താരം അനാവരണം ചെയ്തു. 70 അടിയോളം ഉയരമുള്ള ഈ പ്രതിമ മെസ്സി ഹോട്ടല്‍ മുറിയില്‍നിന്നാണ് ഉദ്ഘാടനം ചെയ്തത്.
സ്വീകരണ പരിപാടിയില്‍ സംഘര്‍ഷം

അതേസമയം, കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ താരത്തിനായി ഒരുക്കിയ സ്വീകരണ പരിപാടികള്‍ ആരാധക പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും അവസാനിപ്പിക്കുകയും ചെയ്തു. മെസ്സി പങ്കെടുത്ത ഉടനെ തന്നെ വേദി വിട്ടതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. വലിയ തുക മുടക്കി ടിക്കറ്റെടുത്ത ആരാധകര്‍ രോഷാകുലരായി. പ്രതിഷേധ സൂചകമായി, അവര്‍ ഗ്രൗണ്ടിലേക്ക് കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു.

സംഘര്‍ഷം രൂക്ഷമായതോടെ, പരിപാടിക്കായി എത്തിച്ചേരേണ്ടിയിരുന്ന പ്രമുഖര്‍ക്ക് പോലും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പടെയുള്ളവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല.