മെസ്സി ഡല്‍ഹിയില്‍; വിമാനമിറങ്ങിയത് മൂന്ന് മണിക്കൂര്‍ വൈകി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Jaihind News Bureau
Monday, December 15, 2025

‘ഗോട്ട് ടൂറി’ന്റെ ഭാഗമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഡല്‍ഹിയിലെത്തി. കനത്ത മൂടല്‍മഞ്ഞ് കാരണം മൂന്ന് മണിക്കൂര്‍ വൈകിയാണ് മെസ്സിയും സംഘവും ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ അവസാന പരിപാടികള്‍ക്കാണ് ഡല്‍ഹി വേദിയാകുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി. മോദി ജോര്‍ദാന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.

ഡല്‍ഹിയിലെ ചാണക്യപുരിയിലുള്ള ആഡംബര ഹോട്ടലായ ലീല പാലസിലാണ് മെസ്സിയെയും സംഘത്തെയും താമസിപ്പിച്ചിരിക്കുന്നത്. ഹോട്ടലിലെ ഒരു നില പൂര്‍ണ്ണമായും സംഘത്തിനായി നീക്കിവെച്ചു. ഒരു രാത്രി താമസത്തിന് 3.5 ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെ നിരക്കുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടുകളിലാണ് താരങ്ങള്‍ അതിഥികളായിരിക്കുന്നത്. മെസ്സിയുടെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വി.ഐ.പി. അതിഥികള്‍ക്കായി ഒരുക്കുന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ പരിപാടിയിലും മെസ്സി പങ്കെടുക്കും. കോര്‍പ്പറേറ്റ് അതിഥികള്‍ക്ക് മെസ്സിയെ നേരില്‍ കാണാനും ഹസ്തദാനം ചെയ്യാനുമായി അടച്ചിട്ട മുറിയിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. കൂടിക്കാഴ്ചയ്ക്കായി വി.ഐ.പി.കള്‍ ഒരു കോടി രൂപ വരെ മുടക്കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ, ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്, എം.പിമാര്‍, ഒളിമ്പിക്, പാരാലിമ്പിക് മെഡല്‍ ജേതാക്കള്‍, പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരുമായും മെസ്സി സംസാരിക്കും.