അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും. ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളം സന്ദര്‍ശിച്ച് സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബര്‍ 10നും 18നും ഇടയിലായിരിക്കും മത്സരം നടക്കുക. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാനും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എഎഫ്എ അറിയിച്ചു.
സെപ്റ്റംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും കേരളത്തിലെത്തും. അടുത്ത ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ തയ്യാറെടുപ്പിന്റെ ഭാഗം കൂടിയായിരിക്കും ഈ സൗഹൃദമത്സരം. ഇതിനുമുമ്പ് 2011 സെപ്റ്റംബറിലാണ് മെസി ഇന്ത്യയിലെത്തിയത്. അന്ന് കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ അര്‍ജന്റീനയുടെ നായകനായി മെസി ആദ്യമായി കളിച്ച സൗഹൃദ മത്സരമായിരുന്നു അത്.