‘.. എന്നാല്‍ ഞാന്‍ കരുതി ആരും ശ്രദ്ധിച്ചില്ലെന്ന്’; ‘മേരി ബഹ്നോ ഓര്‍ മേരെ ഭായിയോം’ എന്ന അഭിസംബോധന ഇഷ്ടപ്പെട്ടെന്നതിന് മറുപടിയുമായി പ്രിയങ്ക

Jaihind Webdesk
Friday, March 15, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗാന്ധിനഗറില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗം പല കാരണങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. എന്നാല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയ പ്രിയങ്ക സാധരണ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ ഉപയോഗിക്കുന്ന ‘ഭായിയോം ഓര്‍ ബഹനോം’ എന്ന അഭിസംബോധനയ്ക്ക് പകരം ‘മേരി ബഹ്നോ ഓര്‍ മേരെ ഭായിയോം’ എന്ന വാചകം ഉപയോഗിച്ചത് ജനം വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.  സ്ത്രീകളെ ആദ്യം സംബോധന ചെയ്തുകൊണ്ടുള്ള പ്രിയങ്കയുടെ തുടക്കം ചൂണ്ടിക്കാട്ടി അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ സുഷ്മിതാ ദേവ് ട്വീറ്റ് ചെയ്തതോടെ ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും പ്രിയങ്കയുടെ സ്ത്രീപക്ഷ നിലപാട് ചര്‍ച്ചയാവുകയും ചെയ്തു.

ഇതിന് മറുപടിയായി  ‘.. എന്നാല്‍ ഞാന്‍ കരുതി ആരും ശ്രദ്ധിച്ചില്ലെന്ന്’ എന്നാണ്  പ്രിയങ്ക കുറിച്ചത്.

 

പല കാരണങ്ങളാല്‍ എടുത്തുനില്‍ക്കുന്നതായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ഗുജറാത്ത് പ്രസംഗം. പ്രസംഗത്തില്‍ പുരുഷന്‍മാരെ ആദ്യവും സ്ത്രീകളെ രണ്ടാമതായും അഭിസംബോധന ചെയ്യുന്ന ഭൂരിഭാഗം പേരുടേയും രീതിയ്ക്ക് പകരം നേരെ തിരിച്ച് ‘ബഹ്നോ ഓര്‍ ഭായിയോം’ എന്ന് അവര്‍ പറഞ്ഞത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

സുഷ്മിതാ ദാസ്

പ്രധാനമന്ത്രിയുടെ തട്ടകമായ ഗുജറാത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രിയങ്ക ആഞ്ഞടിച്ചു. ഏപ്രില്‍-മെയ് മാസം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരത്തിന് സമാനമാണെന്ന് പറഞ്ഞ പ്രിയങ്ക അതിന് വേണ്ടി സര്‍വ്വസജ്ജരാകാനും അണികളെ ആഹ്വാനം ചെയ്തു. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും നാട്ടുകാരും പ്രിയങ്കയുടെ വാക്കുകളെ സ്വാഗതം ചെയ്തത്.