ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നത്; സഹകരണ ആശയത്തിന് എതിര്; സുപ്രീംകോടതി

Jaihind Webdesk
Thursday, February 2, 2023

മലപ്പുറം: ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച രീതി സഹകരണ ആശയത്തിന് എതിരാണെന്ന് സുപ്രീംകോടതി. ഈ രീതിയിൽ ലയനം നടത്താൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. ലയന നടപടികൾ സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി സമീപിക്കാൻ ഹർജിക്കാർക്ക് സുപ്രീംകോടതി അനുമതി നൽകി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് സർക്കാർ ആരംഭിച്ച നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണ്ണായക നിരീക്ഷണം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റും എം.എൽ.എയുമായ യു.എ. ലത്തീഫ്, ബാങ്ക് വൈസ് പ്രസിഡന്‍റ്  പി.ടി. അജയ് മോഹൻ എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. സഹകരണ നിയമത്തിൽ കൊണ്ടുവന്ന 74 എച്ച് ഭേദഗതി ഉപയോഗിച്ചാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ഈ ഭേദഗതി പ്രകാരം സഹകരണ രജിസ്ട്രാർ ഇറക്കിയ അന്തിമ ഉത്തരവ് ഹർജിക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ലയനം നടത്തിയ രീതിയോട് തങ്ങൾക്ക് വിയോജിപ്പാണെങ്കിലും, അന്തിമ ഉത്തരവ് ചോദ്യം ചെയ്തിട്ടില്ലാത്തതിനാൽ ഈ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നില്ലന്ന് ചൂണ്ടിക്കാട്ടി ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാർക്ക് ഇടക്കാല ഉത്തരവിനുൾപ്പടെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി അനുമതി നൽകി.