‘എന്‍റെ വീട്, രാഹുലിന്‍റെയും’; വീടിന് മുന്നില്‍ ബോർഡ് സ്ഥാപിച്ച് കോണ്‍ഗ്രസ് നേതാവ്

Jaihind Webdesk
Wednesday, March 29, 2023

 

വാരണസി/ഉത്തർപ്രദേശ്: ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ് ലഭിച്ച രാഹുൽ ഗാന്ധിക്ക് സ്വന്തം വീട് സമർപ്പിച്ച് കോൺഗ്രസ് നേതാവ് അജയ് റായ്.  ഉത്തർപ്രദേശിലെ വാരണസിയിലെ വീടിനുമുന്നില്‍ ‘എന്‍റെ വീട്, രാഹുല്‍ജിയുടെയും’ എന്ന ബോർഡ് സ്ഥാപിച്ചാണ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. രാജ്യത്തെ സ്വേച്ഛാധിപതികൾ രാഹുലിന്‍റെ വീട് തട്ടിയെടുക്കുകയാണെന്ന് അജയ് റായ് ആരോപിച്ചു.

നഗരത്തിലെ ലാഹുറാബിർ മേഖലയിലാണ് മുൻ എംഎൽഎ കൂടിയായ അജയ് റായിയുടെ വീട്. ഉത്തർ പ്രദേശിലെ വാരണസിയിലെ വീടിന് മുമ്പിൽ ‘മേരാ ഘർ, ശ്രീ രാഹുൽ ഗാന്ധിജി കാ ഘർ’ എന്ന ബോർഡ് അജയ് റായിയും ഭാര്യയും ചേർന്ന് സ്ഥാപിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാരനീക്കങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് റായ് തന്‍റെ നടപടിയിലൂടെ വെളിപ്പെടുത്തിയത്.

രാജ്യത്തെ കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ വീട് രാഹുലിന്‍റേത് കൂടിയാണെന്ന് അവർക്കറിയില്ല. ഈ വീട് ഞങ്ങൾ രാഹുലിന് കൂടി സമർപ്പിക്കുന്നു. കോടികൾ വിലമതിക്കുന്ന പ്രയാഗ് രാജിലെ ആനന്ദ് ഭവൻ രാജ്യത്തിന് സമർപ്പിച്ചവരാണ് ഗാന്ധി കുടുംബം. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് നൽകിയത് ബിജെപിയുടെ ഭീരുത്വമാണെന്നും റായ് പറഞ്ഞു. 2014 ലും 2019 ലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് അജയ് റായ്.