‘കെ സുധാകരനെതിരായ പരാമര്‍ശം തെറ്റിദ്ധാരണ മൂലം, അദ്ദേഹവുമായി യാതൊരു പ്രശ്നങ്ങളുമില്ല’; ഖേദം പ്രകടിപ്പിച്ച് ഫ്രാന്‍സിസിന്‍റെ മകന്‍

Jaihind Webdesk
Sunday, June 20, 2021

കണ്ണൂര്‍ : ഫ്രാൻസിസിന്‍റെ മകൻ ജോബി ഫ്രാൻസിസ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പിയെ സന്ദർശിച്ചു. കെ സുധാകരന് എതിരായ തന്‍റെ പരാമർശം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്നും  പ്രശ്നങ്ങളൊന്നുമില്ലെന്നും ജോബി ഫ്രാൻസിസ് വ്യക്തമാക്കി.

കെപിസിസി പ്രസിഡന്‍റിനെ ജോബി ഫ്രാൻസിസ് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ കെ സുധാകരനെ നേരിൽ കാണാനുള്ള ആഗ്രഹം ജോബി അറിയിച്ചു. ഇതിനെ തുടർന്നാണ് ജോബി കെ സുധാകരൻ എം.പി യുടെ വീട്ടിലെത്തിയത്. കെപിസിസി പ്രസിഡന്‍റുമായി ഒരു മണിക്കൂറോളം ജോബി കൂടിക്കാഴ്ച നടത്തി. തന്‍റെ സഹപാഠിയായ ഫ്രാൻസിസിന്‍റെ ഓർമ്മകൾ കെ സുധാകരൻ ജോബിയുമായി പങ്കുവെച്ചു. കെ സുധാകരൻ എം.പിക്ക്എതിരായ തന്‍റെ പരാമർശത്തിൽ ജോബി ഖേദം പ്രകടിപ്പിച്ചു. കെ സുധാകരനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ല. അച്ഛന്‍റെ സഹപാഠിയെ പിതൃതുല്യനായി കാണുന്നുവെന്നും വിവാദങ്ങൾ അവസാനിച്ചതായും ജോബി പറഞ്ഞു.

ഒരു സ്വകാര്യ വാരികയിൽ നൽകിയ അഭിമുഖത്തിലെ പരാമർശത്തിനെതിെരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപിക്കെതിരെ ഫ്രാൻസിസിന്‍റെ മകൻ കോടതിയെ സമീപിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്പിന്നാലെയാണ് കെ സുധാകരൻ എംപിയെ സന്ദർശിച്ച് ജോബി നിലപാട് വ്യക്തമാക്കിയത്.