കോടതിയെ സമീപിക്കാന്‍ മഹുവ മൊയ്ത്ര; ഉറച്ചപിന്തുണയുമായി തൃണമൂലും പ്രതിപക്ഷ പാര്‍ട്ടികളും

Saturday, December 9, 2023


പുറത്താക്കിയ നടപടിയില്‍ നിയമനടപടിക്കൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്ര. പുറത്താക്കിയ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ് മഹുവയുടെ നീക്കം. വിഷയത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. അതേസമയം മഹുവയുടെ പുറത്താക്കല്‍ നടപടി പ്രചാരണ വിഷയമാക്കാനുളള ഒരുക്കത്തിലാണ് തൃണമൂല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാക്കും. പുറത്താക്കല്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളിലും അഭിപ്രായമുണ്ട്. വിഷയത്തില്‍ മഹുവക്ക് ഉറച്ച പിന്തുണ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വ്യക്തമാക്കി. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും മഹുവയുടെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടന ലംഘനമാണെന്നും ആണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ഇത് അടക്കം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.