ബി.ജെ.പി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തതിന് ദൈവത്തിന് നന്ദി: മെഹബൂബ മുഫ്തി

Jaihind Webdesk
Tuesday, December 18, 2018

ശ്രീനഗര്‍: ബിജെപി പശുക്കള്‍ക്ക് വോട്ടവകാശം നല്‍കാത്തതിന് ദൈവത്തോട് നന്ദി പറയുന്നുവെന്ന് പിഡിപി നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ബി.ജെ.പിയുമായുണ്ടായിരുന്ന സഖ്യം തീര്‍ത്തും ആത്മഹത്യാപരമായിരുന്നുവെന്നും അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നുണ്ടെന്നും മുഫ്തി പറഞ്ഞു.

ജമ്മു കശ്മീര്‍ വിഷയത്തില്‍ പരിഹാരം മുന്നോട്ടു വയ്ക്കുന്ന ഏത് കക്ഷികളുമായും സഹകരിക്കാന്‍ പിഡിപി തയ്യാറാണെന്നു പറഞ്ഞ മുഫ്തി, ബിജെപിയുമായി അണിചേരാന്‍ സാധിക്കുമെങ്കില്‍, കശ്മീരിനു വേണ്ടി ആരുമായി സഹകരിക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നും വ്യക്തമാക്കി. ബിജെപി തന്നെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നും, സ്വന്തമായി തന്നെയാണ് താന്‍ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും മുഫ്തി പറഞ്ഞു.

പിഡിപി-ബിജെപി സഖ്യത്തിന് തയ്യാറായതു പോലും കശ്മീരിലെ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും, എന്നാല്‍ അത് ഫലം കണ്ടില്ലെന്നും മുഫ്തി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ജയിക്കുന്നത് മാത്രമാണ് ബിജെപിക്ക് ഇപ്പോള്‍ ലക്ഷ്യമെന്നും വാജ്‌പേയിയെ പോലുള്ളൊരു നേതാവ് ആ പാര്‍ട്ടിക്ക് ഇല്ലാതെ പോയെന്നും മുഫ്തി പറഞ്ഞു.

അയല്‍ രാജ്യമായ പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് ചര്‍ച്ച നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോഴെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ഇമ്രാന്‍ ഖാന്‍ പാക് സൈന്യത്തിന്റെ പ്രതിനിധിയാണെന്നിരിക്കെ ചര്‍ച്ച നടത്താമെന്ന് ഇമ്രാന്‍ പറയുമ്പോള്‍ സൈന്യത്തിനും ഇതേ നിലപാട് തന്നെയായിരിക്കുമെന്നും മെഹബൂബ മുഫ്തി പറഞ്ഞു.