
ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹില്‍സിലുണ്ടായ ദാരുണമായ ഖനി അപകടത്തില്‍ മരണസംഖ്യ 27 ആയി. ഇന്നലെ വൈകീട്ട് നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടത്തി. നിലവില്‍ എന്‍.ഡി.ആര്.എഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഖനിക്കുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെ മയന്‍സങ്ത്-താങ്സ്കോ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഖനിയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഖനനത്തിനായി എത്തിച്ച ഡൈനാമൈറ്റ് അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഖനിയുടെ വലിയൊരു ഭാഗം തകരുകയും തൊഴിലാളികള്‍ ഉള്ളില്‍ കുടുങ്ങുകയുമായിരുന്നു.
അപകടം നടക്കുമ്പോള്‍ ഖനിക്കുള്ളില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ രേഖകള്‍ ലഭ്യമല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇനിയും നിരവധി പേര് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ 12 എണ്ണം മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഖനിയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്നും നിയമവിരുദ്ധമായ ഖനനമാണോ അവിടെ നടന്നതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. ഖനിക്കുള്ളിലെ വിഷവാതകവും അവശിഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും പരമാവധി ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.ആര്.എഫ് സംഘം. വരും മണിക്കൂറുകളില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന ആശങ്ക പ്രകടിപ്പിച്ചു.