‘സ്റ്റോപ്പ് കില്ലിങ്ങ് ഫാർമേഴ്സ്’; ഇന്ത്യന്‍ കർഷകരുടെ സമരത്തിന് പിന്തുണയുമായി കമല ഹാരിസിന്‍റെ മരുമകൾ

Jaihind News Bureau
Wednesday, February 3, 2021

രാജ്യത്ത് നടന്നുവരുന്ന കർഷകസമരത്തിന് അന്താരാഷ്‌ട്ര പിന്തുണയേറുന്നു. പോപ് ഗായികയായ റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് എന്നിവർക്ക് പിന്നാലെ ഇന്ത്യയിലെ കർഷകർക്ക് പിന്തുണയുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകളായ മീനാ ഹാരിസ് രംഗത്തെത്തി. സ്റ്റോപ്പ് കില്ലിങ്ങ് ഫാർമേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മീനാ ഹാരിസ് പ്രതികരിച്ചത്.

‘ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യം ഒരു മാസം മുൻപ് ആക്രമിക്കപ്പെട്ടിരുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ആക്രമിക്കപ്പെടുകയാണ്. ഇത് യാദൃശ്ചികമല്ല, ഇത് രണ്ടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇന്ത്യയിലെ കർഷകർക്കെതിരെ സർക്കാർ നടത്തുന്ന പൊലീസ് ആക്രമണത്തേയും ഇന്‍റർനെറ്റ് നിരോധനത്തേയും അപലപിക്കേണ്ടതാണ്,” മീനാ ഹാരിസ് ട്വീറ്റ് ചെയ്തു.

https://twitter.com/meenaharris/status/1356747965713371138

പ്രതിഷേധ സ്ഥലങ്ങളിലെ ഇന്‍റർനെറ്റ് നിരോധനം നടപ്പാക്കിയ സർക്കാർ നടപടിക്കെതിരെ ഗ്രെറ്റ തൻബർഗും പോപ് ഗായിക റിഹാനയും രംഗത്തെത്തിയിരുന്നു. പോപ് സംഗീതജ്ഞ റിഹാന കഴിഞ്ഞ ദിവസം സമരത്തിന് തന്‍റെ പിന്തുണ അറിയിച്ചിരുന്നു. ‘നാം ഇതെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല’ എന്നായിരുന്നു കർഷക പ്രക്ഷോഭത്തെ സൂചിപ്പിക്കുന്ന ട്വീ‌റ്റിലൂടെ റിഹാന കുറിച്ചത്.

ഇതിനു പിന്നാലെ പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേ‌റ്റ തുൻബെർഗും  കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു.  2018ൽ അന്താരാഷ്‌ട്ര പ്രശസ്‌തമായ ‘ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ’ പ്രക്ഷോഭത്തിലൂടെ പ്രശസ്‌തയാണ് ഗ്രേ‌റ്റ. ഡൽഹിയിൽ ഇന്‍റർനെ‌റ്റ് നിരോധിച്ചു എന്ന വാർത്തയും കർഷക പ്രക്ഷോഭത്തിന്‍റെ ചിത്രവും സഹിതം ‘ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു’ എന്ന് ഗ്രേ‌റ്റ ട്വി‌റ്ററിൽ കുറിച്ചു.

ഇതോടുകൂടി #farmersprotest എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്.