സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡിസെപ് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കരുതെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും എല്‍.ഡി.എഫ് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു മെഡിസെപ്. എന്നാല്‍ ഭരണം നാലര വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാന്‍ പോലും സര്‍ക്കാരിനായിട്ടില്ല. ജീവനക്കാരുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ സ്ഥാപിത താത്പര്യക്കാരെ സഹായിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് ആദ്യ ടെണ്ടര്‍ പരാജയപ്പെട്ടത്.
സാമൂഹ്യ ഉത്തരവാദിത്ത്വം നിറവേറ്റുവാന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ള സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയെല്ലാം മെഡിസെപിന്‍റെ ഭാഗമാക്കണം. അതിനു മടികാട്ടുന്ന ആശുപത്രികള്‍ക്കുമേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. മെഡിസെപ്പിന്‍റെ നടത്തിപ്പു ചുമതല ആരോഗ്യവകുപ്പിനു കീഴില്‍ പ്രത്യേക സംവിധാനമുണ്ടാക്കി അവരെ എല്പ്പിക്കുകയോ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനെയോ ഏല്‍പ്പിക്കണം. പഴയതുപോലെ ടെണ്ടര്‍ വിളിച്ച് കോര്‍പ്പറേറ്റുകളെ ഏല്‍പ്പിച്ചാല്‍ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറ്റാനാകാതെ വരികയും ജീവനക്കാരും പെന്‍ഷന്‍കാരും ലാഭം മാത്രം ലക്ഷ്യമിടുന്ന കോര്‍പ്പറേറ്റുകളുടെ ദയാദാക്ഷിണ്യത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുമുണ്ടാകും.
പദ്ധതിയുടെ നടത്തിപ്പിന് സര്‍ക്കാര്‍ വിഹിതം നല്‍കാതെ മുഴുവന്‍ പ്രിമീയവും ഉപഭോക്താക്കള്‍ തന്നെ അടക്കണമെന്ന തീരുമാനം രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളുടെ ലംഘനമാണ്. പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ എതിര്‍ക്കുന്ന സര്‍വ്വീസ് സംഘടനകള്‍ ഒറ്റക്കെട്ടായി ഈ നീക്കത്തെയും എതിര്‍ക്കണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.