സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് ക്ഷാമം; മരുന്ന് കമ്പനികള്‍ക്ക് 500 കോടിയിലേറെ കുടിശ്ശിക

Jaihind Webdesk
Wednesday, January 3, 2024

സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് ക്ഷാമം. മരുന്ന് കമ്പനികള്‍ക്ക് 500 കോടിയിലേറെ രൂപയുടെ കുടിശ്ശികയാണ് ഉള്ളത്. ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ മാര്‍ച്ച് വരെ ക്ഷാമം തുടരുമെന്ന് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍.

കഴിഞ്ഞവര്‍ഷത്തെ 200 കോടിയും ഈ വര്‍ഷത്തെ 300 കോടിയുമാണ് മരുന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. പലതവണ തുകയ്ക്ക് വേണ്ടി ധനവകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കൈമലര്‍ത്തുകയായിരുന്നു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേനയാണ് ആശുപത്രികള്‍ക്ക് മരുന്ന് സംഭരിക്കുന്നത്. എന്നാല്‍ പലതവണകളായി ആശുപത്രികളില്‍ മരുന്ന് നല്‍കിയെങ്കിലും കമ്പനികള്‍ നല്‍കിയ മരുന്നിന് പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ നിരവധി കമ്പനികള്‍ ആശുപത്രികളില്‍ മരുന്ന് വിതരണം ചെയ്യുന്നത് തന്നെ മരവിപ്പിച്ചിരിക്കുകയാണ്. ഇനിയും ധനവകുപ്പ് കനിഞ്ഞില്ലെങ്കില്‍ മാര്‍ച്ച് വരെ മരുന്ന് ക്ഷാമം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ വരെ മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. അര്‍ബുദ ചികിത്സാ വിഭാഗങ്ങളില്‍ ആവശ്യമായ മരുന്നുകളുടെ മൂന്നിലൊന്നു മാത്രമേ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ലഭ്യമായിട്ടുള്ളൂ. ഇതിനുപുറമേ പല ആശുപത്രികളിലും നിരവധി മരുന്നുകള്‍ക്ക് ക്ഷാമമാണ്. രക്താതി മര്‍ദ്ദം കുറയ്ക്കാനുള്ള ആംലോ, കൊളസ്‌ട്രോളിനുള്ള അറ്റോര്‍വസ്റ്റാറ്റിന്‍, രക്തം കട്ട പിടിക്കുന്നത് ഒഴിവാക്കാനുള്ള ക്ലോപിഡോഗ്രല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ മാറ്റാനുള്ള ഗ്ലൂക്കോനാസോള്‍ തുടങ്ങിയ മരുന്നുകള്‍ക്കും ക്ഷാമമുണ്ട്. ധനവകുപ്പ് പണം നല്‍കാത്തതിനു പുറമേ ആശുപത്രികള്‍ തമ്മിലുള്ള മരുന്ന് കൈമാറ്റം നിലച്ചതും ക്ഷാമത്തിന് വഴിവെച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് വരെ ജില്ലാതലത്തില്‍ സര്‍ക്കാര്‍ ഫാര്‍മസിസ്റ്റുകളുടെ അവലോകനയോഗം നടന്നിരുന്നു. എന്നാല്‍ ഈ യോഗം നിര്‍ത്തലാക്കിയതോടെ ഇത്തരത്തിലുള്ള മരുന്ന് കൈമാറ്റത്തിനുള്ള അവസരവും ഇല്ലാതായി. ഇതും സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് ക്ഷാമം നേരിടാന്‍ കാരണമായിട്ടുണ്ട്.