രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈപ്പറ്റിയ വിവരം മറച്ചുവെച്ച് മെഡിക്കല്‍ ഓഫീസർ; ഉപകരണങ്ങള്‍ ആശുപത്രിയിലെ മുറിയില്‍ പൂട്ടിവെച്ചു | VIDEO

Jaihind Webdesk
Friday, February 17, 2023

 

മലപ്പുറം: രാഹുൽ ഗാന്ധി എംപി വണ്ടൂർ താലൂക്കാശുപത്രിയിലേക്കയച്ച ഡയാലിസിസ് ചികിത്സാ ഉപകരണങ്ങൾ കൈപ്പറ്റിയകാര്യം മെഡിക്കൽ ഓഫീസർ മറച്ചുവെച്ചു. പ്രധാനപ്പെട്ട എല്ലാ ഉപകരണങ്ങളും കഴിഞ്ഞ മാസം ആദ്യവാരം കൈപ്പറ്റിയ ശേഷം ആശുപത്രിയിലെ മുറിയിൽ പൂട്ടിയിട്ട് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഇക്കാര്യം എച്ച്എംസി അംഗങ്ങളെ പോലും മെഡിക്കൽ ഓഫീസർ അറിയിച്ചില്ല. ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന ഡയാലിസിസ് ഉപകരണങ്ങളുടെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

വണ്ടൂർ താലൂക്കാശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എംപി കേരള മെഡിക്കൽ സർവീസസ്‌ കോർപ്പറേഷൻ വഴി അയച്ച ഡയാലിസിസ് ഉപകരണങ്ങളടങ്ങിയ കണ്ടെയ്നർ മെഡിക്കൽ ഓഫീസർ തിരിച്ചയച്ചതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ വ്യാഴ്ചയാണ് 50 ലക്ഷത്തിന്‍റെ ഉപകരണങ്ങൾ അടങ്ങിയ കണ്ടെയ്നർ മെഡിക്കൽ ഓഫീസർ സ്ഥലപരിമിതി പറഞ്ഞ് മടക്കി അയച്ചത്. ഇതോടെ വ്യാപക പ്രതിഷേധം ഉയർന്നു. എന്നാൽ രാഹുൽ ഗാന്ധി എംപി വണ്ടൂർ താലൂക്കാശുപത്രിയിലേക്കയച്ച ഡയാലിസിസ് ചികിത്സാ ഉപകരണങ്ങളുടെ ആദ്യ ലോഡ് കഴിഞ്ഞ മാസം ആദ്യവാരം ആശുപത്രി അധികൃതർ കൈപ്പറ്റിയിരുന്നു. ഇവ ആശുപത്രിയിലെ പൂട്ടിയിട്ട മുറിയിൽ ഇന്നലെ രാത്രി കണ്ടെത്തി. ഇവയുടെ ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടു.

 

 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുബാറക്ക് കെഎംഎസ്‌സിഎൽ (KMSCL) അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഉപകരണങ്ങൾ ജനുവരി ആദ്യവാരം നൽകിയ വിവരമറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ ഒരു മുറിയിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഉപകരണങ്ങൾ കൈപ്പറ്റിയകാര്യം മെഡിക്കൽ ഓഫീസർ ആരേയും അറിയിക്കാതെ ഒരു മാസത്തിലേറെയായി മറച്ചുവെച്ചു. മൂന്ന് ഐസിയു ബെഡുകൾ ഒഴികെ ബാക്കി പ്രധാന ഉപകരണങ്ങളെല്ലാം ആദ്യഘട്ടത്തിൽ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ ഡയാലിസിസ് ഉപകരണങ്ങൾ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങളായിട്ടില്ലെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം കണ്ടെയ്നറിൽ എത്തിയ മൂന്ന് ഐസിയു ബെഡുകളും ആർഒ പ്ലാന്‍റും മെഡിക്കൽ ഓഫീസർ മടക്കിയത്. മെഡിക്കൽ ഓഫീസർ ഷീജ പന്തലകത്ത്, സ്റ്റോർ കീപ്പർ ജംഷീന, സീനിയർ ക്ലാർക്ക് ഫിറോസ് എന്നിവർ ചേർന്നുള്ള ഒത്തുകളിയായിരുന്നു ഇതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുബാറക്ക് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/944669930305708