
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണവുമായി ആദിവാസി കുടുംബം. തലയിലെ വ്രണം പഴുത്ത് പുഴുവരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരിക്ക് മതിയായ ചികിത്സ നല്‍കാതെ ഡിസ്ചാര്‍ജ് ചെയ്തതായാണ് പരാതി. പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്-സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഇന്ന് രാവിലെ അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ കുട്ടിയുടെ മുറിവ് വൃത്തിയാക്കാനോ പുഴുക്കളെ നീക്കം ചെയ്യാനോ അധികൃതര്‍ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറ്റുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയുടെ തലയിലെ മുറിവില്‍ പുഴുക്കള്‍ അരിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ വീണ്ടും നിലമ്പൂര്‍ ആശുപത്രിയില്‍ എത്തിച്ചു.
നിലമ്പൂര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ നിന്ന് മുപ്പതിലേറെ പുഴുക്കളെയാണ് നീക്കം ചെയ്തത്. മുറിവ് അഴുകിയ നിലയിലായതിനെത്തുടര്‍ന്ന് കുട്ടിയെ അടിയന്തരമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ, വിഷയത്തെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം നല്‍കാമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ആദിവാസി വിഭാഗത്തോടുള്ള ആശുപത്രി അധികൃതരുടെ അവഗണനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.