തൃശൂർ മെഡി. കോളേജില്‍ ചികിത്സാപ്പിഴവ്; മരുന്ന് മാറിനല്‍കി, രോഗി ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Thursday, March 9, 2023

 

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവ്. മരുന്ന് മാറി നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ രോഗിയെ വെന്‍റിലേറ്ററിലേക്ക് മാറ്റി. പോട്ട സ്വദേശി അമലിനാണ് മരുന്ന് മാറിനല്‍കിയത്. ഹെൽത്ത്‌ ടോണിക്കിന് പകരം ചുമയ്ക്കുള്ള മരുന്ന് നൽകിയതോടെ രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. മരുന്ന് കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അമലിന്‍റെ ദേഹമാസകലം തടിച്ചു പൊന്തുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

മരുന്ന് എഴുതി നൽകിയത് തുണ്ട് കടലാസിലാണെന്നും മികച്ച ചികിത്സ കിട്ടാൻ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഡോക്ടർ കൈക്കൂലി വാങ്ങിയതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചു. മെഡിക്കല്‍ ഷോപ്പുകാർക്ക് മരുന്ന് മാറിയതാണോ എന്നതും വ്യക്തമാകേണ്ടതുണ്ട്. അപകടത്തിൽ പരിക്കേറ്റാണ് അമൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.