TVM GENERAL HOSPITAL| ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ ചികിത്സ പിഴവ്; നെഞ്ചില്‍ ട്യൂബ് കുടുങ്ങിയതായി യുവതിയുടെ പരാതി

Jaihind News Bureau
Thursday, August 28, 2025

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ പിഴവ്. യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയതായി പരാതി. കാട്ടാക്കട മലയന്‍കീഴ് സ്വദേശി സുമയ്യയാണ് ആശുപത്രി പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. 2023 മാര്‍ച്ച് 22 നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സുമയ്യ ചികിത്സ തേടിയെത്തിയത്. റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ അന്ന് ഡോ.രാജിവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോള്‍ രക്തവും മരുന്നുകളും നല്‍കാനായി സെന്‍ട്രല്‍ ലൈനിട്ടിരുന്നുവെന്നും ഇതിന്റെ ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങി കിടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് തിരികെ എടുക്കാത്തതാണ് യുവതിയെ ദുരിതത്തിലാക്കിയത്. തുടര്‍ന്നു ശ്രീ ചിത്ര ആശുപത്രിയിലടക്കം സുമയ്യയ്ക്ക് ചികിത്സ തേടേണ്ടി വന്നു. എന്നാല്‍, ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചത്. ഗുരുത പിഴവ് ഉണ്ടായതില്‍ നീതി വേണമെന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നുമാണ് സുമയ്യയുടെ ആവശ്യം. സംഭവത്തില്‍ ഇതുവരെ ആശുപത്രി അധികൃതരുടെയോ, ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെയോ വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ല.