മെഡിക്കല്‍ കോളേജ് ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രതികളായ ഡിവൈഎഫ്ഐക്കാരെ വെറുതെ വിട്ടു

Jaihind News Bureau
Wednesday, March 26, 2025

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാര്‍ മൊഴിമാറ്റിയതും കേസിന് തിരിച്ചടിയായിരുന്നു.

2022 ലാണ് കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ അരുണ്‍ ഉള്‍പ്പെടെ പ്രതികളായ ഏഴു പേരും ഡി. വൈ.എഫ് ഐ പ്രവര്‍ത്തകരാണ്. സന്ദര്‍ശനെത്തിനെത്തിയ ആളുകളെ തടഞ്ഞതിനാണ് സുരക്ഷ ജീവനക്കാരെ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. മൂന്ന് ജീവനക്കാരെ മര്‍ദിച്ചിരുന്നു. സംഭവം അന്നേ വിവാദമായിരുന്നു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കെ. അരുണ്‍, മേഖലാ സെക്രട്ടറി എം.കെ. അഷിന്‍, മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്, സജിന്‍, നിഖില്‍ സോമന്‍, ജിതിന്‍ലാല്‍ എന്നിവരെയാണ് കേസില്‍ കോടതി വെറുതെ വിട്ടത്. സുരക്ഷാ ജീവനക്കാരായ കെ.എസ്. ശ്രീലേഷ്, എന്‍. ദിനേശന്‍, രവീന്ദ്ര പണിക്കര്‍ എന്നിവരാണഅ മര്‍ദ്ദനമേറ്റവര്‍.