ചര്‍ച്ചയ്ക്ക് വിളിച്ചില്ല; സര്‍ക്കാരിന്റെ ‘അവഹേളനപരമായ സമീപനത്തില്‍’ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13-ന് സമ്പൂര്‍ണ പണിമുടക്ക്

Jaihind News Bureau
Friday, November 7, 2025

നവംബര്‍ 13-ന് സമ്പൂര്‍ണ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. അത്യാഹിത വിഭാഗത്തിലെ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. സമാധാനപരമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാതിരിക്കുകയും, ജനാധിപത്യ മര്യാദകള്‍ ലംഘിച്ച് അവഹേളനപരമായ സമീപനം സ്വീകരിക്കുകയുമാണ് ചെയ്തതെന്ന് സംഘടന കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോടും പൊതുജനങ്ങളോടുമുള്ള ഒരു വെല്ലുവിളിയായാണ് ഈ നിലപാടിനെ കാണുന്നതെന്നും കെ.ജി.എം.സി.ടി.എ. വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് സമരം മുന്നോട്ട് കൊണ്ടുപോയതെങ്കിലും, സര്‍ക്കാര്‍ മുഖം തിരിഞ്ഞുനിന്ന സാഹചര്യത്തില്‍ ഒ.പി. ബഹിഷ്‌കരണത്തിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മൂന്ന് ദിവസങ്ങളിലായി ഒ.പി. ബഹിഷ്‌കരണം നടത്തിയപ്പോള്‍, വിദഗ്ധചികിത്സയ്ക്കായി എത്തിയ രോഗികള്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികളിലൂടെ താല്‍ക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നിട്ടും പ്രശ്‌നപരിഹാരത്തിനോ സമരത്തിനോട് ക്രിയാത്മകമായി ഇടപെടാനോ സര്‍ക്കാര്‍ തയ്യാറായില്ല. ഈ പണിമുടക്ക് മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കും എന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

കെ.ജി.എം.സി.ടി.എയുടെ പ്രധാന ആവശ്യങ്ങള്‍ ഇവയാണ്: പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക, പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആവശ്യമായ അക്കാദമിക് തസ്തികകള്‍ സൃഷ്ടിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, അശാസ്ത്രീയമായ പുനര്‍വിന്യാസം അവസാനിപ്പിക്കുക, ഒഴിവ് കിടക്കുന്ന തസ്തികകളില്‍ അടിയന്തിര നിയമനം നടത്തുക, മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകര്‍ക്കും രോഗികള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, പെന്‍ഷന്‍ സീലിംഗ് സംബന്ധമായ അപാകത പരിഹരിക്കുക, ഡി.എ. കുടിശ്ശിക പൂര്‍ണ്ണമായും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.