പ്രത്യക്ഷ സമരത്തിനൊരുങ്ങി മെഡിക്കല്‍ കോളേജ് ഡോക്ടർമാർ ; ശമ്പളകുടിശിക നല്‍കാത്തതില്‍ പ്രതിഷേധം

Jaihind News Bureau
Saturday, January 23, 2021

 

തിരുവനന്തപുരം : പ്രത്യക്ഷ സമരത്തിനൊരുങ്ങി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. 2016 ജനുവരി മുതലുള്ള ശമ്പള കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിനൊരുങ്ങുന്നത്. ഘട്ടം ഘട്ടമായി സമരം നടത്താനാണ് കെ.ജി.എം.സി.ടി.എയുടെ തീരുമാനം.

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 ജനുവരി മുതലുള്ള അലവൻസ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശിക നല്‍കാത്തതിൽ പ്രതിഷേധിച്ച് വിവിധ സമരപരിപാടികൾ നടത്തുവാനാണ് കെ.ജി.എം.സി.ടി.എ സംസ്ഥാനസമിതിയുടെ തീരുമാനം.

ജനുവരി 25 ന് എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുമ്പിലും ഡി.എ.ഇ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും ആദ്യഘട്ട സമരത്തിന് ശേഷം ആരോഗ്യ മന്ത്രിയടക്കമുള്ളവരുമായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. ബിനോയ് പറയുന്നു.

നീതി ലഭ്യമായില്ലെങ്കിൽ ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് ഡോക്ടർമാരുടെ തീരുമാനം.
സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ കടുത്ത നടപടികളിലേക്ക് തള്ളിവിടരുതെന്നും സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ ആവശ്യങ്ങൾ ഉടനടി അംഗീകരിക്കണമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാനസമിതി ആവശ്യപ്പെടുന്നു.