തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. ചികിത്സാ പിഴവും തുടര്‍ ചികിത്സയും പരിശോധിക്കുവാനാണ് യോഗം ചേരുന്നത്.
നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സുമയ്യ രേഖകളുമായി ബോര്‍ഡിന് മുന്നില്‍ ഹാജരാകും. ആരോപണ വിധേയനായ ഡോ. രാജീവ് കുമാറിനോടും യോഗത്തില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാര്‍ഡിയോളജി, ന്യൂറോളജി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി വിപുലീകരിച്ച മെഡിക്കല്‍ ബോര്‍ഡാണ് ഇന്ന് യോഗം ചേരുന്നത്. യുവതിയുടെ ആരോഗ്യസ്ഥിതി, നടന്ന ചികിത്സാരീതി, ട്യൂബ് കുടുങ്ങാനുണ്ടായ സാഹചര്യം എന്നിവയെല്ലാം ബോര്‍ഡ് വിശദമായി പരിശോധിക്കും. ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശുപാര്‍ശകളും ബോര്‍ഡ് സമര്‍പ്പിക്കും.