റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍ ; കരാറിന് കൈക്കൂലി 65 കോടി ; തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച പറ്റിയെന്ന് ഫ്രഞ്ച് മാധ്യമം

Jaihind Webdesk
Monday, November 8, 2021

ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന ഇടപാടില്‍ 65 കോടി രൂപയുടെ കൈക്കൂലി ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസ്സോ ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവെക്കുന്ന രേഖകളാണ് മീഡിയപാര്‍ട്ട് പുറത്തുവിട്ടത്.

7.8 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്‍റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജമാണെന്ന് കണ്ടെത്തിയ ബില്ലുകളില്‍ ദസ്സോ എന്ന വാക്കുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്‌.

2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇത് കൈമാറി. ഈ വിവരം സിബിഐക്ക് ലഭിക്കുമ്പോള്‍ റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാര്‍ട്ട് ആരോപിക്കുന്നു.

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. അര്‍ധരാത്രിയിറങ്ങിയ ഉത്തരവ് പ്രകാരം ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. റഫാല്‍ ഇടപാടില്‍ അന്വേഷണം നടന്നേക്കുമെന്ന സൂചനകളെ തുടര്‍ന്നായിരുന്നു അലോക് വര്‍മയെ നീക്കം ചെയ്തതെന്ന് പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു.