മാധ്യമ പ്രവര്‍ത്തകന്‍ സിദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ അടുത്ത വെള്ളിയാഴ്ച അന്തിമവാദം

Jaihind Webdesk
Monday, August 29, 2022


ന്യൂഡൽഹി: യുഎപിഎ ചുമത്തിയതിനെത്തുടന്ന് കഴഞ്ഞ രണ്ട് വർഷമായി ജയിലിൽ തുടരുന്ന മാധ്യമ പ്രവർത്തകൻ സിദിഖ് കാപ്പന്റെ ജാമ്യാപേക്ഷയിൽ അടുത്ത വെള്ളിയാഴ്ച അന്തിമ വാദത്തിന് സുപ്രീം കോടതി. ജാമ്യഹർജിയിലുള്ള മറുപടി തിങ്കളാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലർ ഫ്രണ്ട് സിദിഖ് കാപ്പന്റെ ബാങ്ക് അകൗണ്ടിൽ പണം നിക്ഷേപിച്ചുവെന്നതാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ. എന്നാൽ ഇതിനു തെളിവില്ലെന്ന് സീനിയർ അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദാവെ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. 2020 ഒക്ടോബർ ആറ്‌ മുതൽ സിദ്ദിഖ് കാപ്പൻ ജയിലിൽ കഴിയുകയാണ്.

ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രസാദ് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു. സർക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി സെപ്റ്റംബർ അഞ്ചിന് മുമ്പാകെ ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.