‘മാധ്യമങ്ങള്‍ കംഗാരു കോടതികളാകുന്നു; ജനാധിപത്യത്തെ പിന്നോട്ടടിക്കുന്ന നടപടി’: വിമർശിച്ച് ചീഫ് ജസ്റ്റിസ്

Jaihind Webdesk
Saturday, July 23, 2022

റാഞ്ചി: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ.  മാധ്യമങ്ങള്‍ ‘കംഗാരു കോടതി’കളായി മാറുന്നുവെന്നായിരുന്നുചീഫ് ജസ്റ്റിന്‍റെ വിമർശനം. മാധ്യമങ്ങളുടെ ഉത്തരവാദിത്വരഹിതമായ പെരുമാറ്റം ജനാധിപത്യത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ ജസ്‌റ്റിസ് എസ്.ബി സിൻഹ അനുസ്‌മരണ ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വിമർശനം.

ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. പ്രത്യക അജണ്ടകളോടെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന ചർച്ചകൾ ജനാധിപത്യത്തിന് വെല്ലുവിളിയാണ്. ഇത്തരം ചര്‍ച്ചകൾ അനുഭവ സമ്പത്തുള്ള ജഡ്‌ജിമാരെ പോലും സമ്മർദത്തിലാക്കുന്നു. രാജ്യത്ത് ജഡ്ജിമാർക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നു. മാധ്യമ വിചാരണകള്‍ ജുഡീഷ്യറിയുടെ നീതിയുക്തമായ പ്രവര്‍ത്തനത്തെയും, സ്വാതന്ത്ര്യത്തെയും ബാധിക്കുകയാണെന്നും മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഒരു വിഷയത്തിൽ നീതി നിശ്ചയിക്കേണ്ടത് അതേക്കുറിച്ച് അറിവില്ലാത്തവരും ആ വിഷയത്തിൽ ഒരു പ്രത്യേക താല്‍പര്യവും അജണ്ടയും ഉള്ളവരും നടത്തുന്ന സംവാദം അടിസ്ഥാനമാക്കിയല്ല. അബദ്ധജടിലവും വിജ്‌ഞാനപ്രദവുമല്ലാത്തതുമാണ് ഇത്തരം ചർച്ചകളെന്നും അദ്ദേഹം പറഞ്ഞു. പത്രമാധ്യമങ്ങൾക്ക് കുറച്ചെങ്കിലും ഉത്തരവാദിത്വബോധം ഉണ്ട്. ദൃശ്യ മാധ്യമങ്ങൾക്ക് ഇത് തീരെയില്ലെന്നും സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങളിൽ ജഡ്‌ജിമാർ പ്രതികരിക്കാത്തത് ബലഹീനതയായി വ്യാഖ്യാനിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിന് തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.