നവകേരള സദസില്‍ മാധ്യമപ്രവർത്തകന് സുരക്ഷാ ഉദ്യോഗസ്ഥന്‍റെ മർദ്ദനം; സംഭവം മുഖ്യമന്ത്രി നോക്കിനില്‍ക്കെ

Jaihind Webdesk
Monday, December 11, 2023

 

ഇടുക്കി: നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്‍റെ ചിത്രമെടുക്കുന്നതിനിടെ മാധ്യമപ്രവർത്തകന് മർദ്ദനം. മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ നവകേരളയാത്രയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ അകമ്പടി സേവിക്കുന്ന പാർട്ടി ഗുണ്ടകൾ നാടുനീളെ മർദ്ദിക്കുന്നതിനിടെയാണ് സ്വീകരണത്തിന്‍റെ ഫോട്ടോ എടുക്കുന്നതിനിടയിൽ പ്രസ് ഫോട്ടോഗ്രാഫർക്കു നേരെയും സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനം ഉണ്ടായത്. മുഖ്യമന്ത്രി നോക്കിനില്‍ക്കേയായിരുന്നു മർദ്ദനം.

എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷാ ഉദ്യോഗസ്ഥന്‍ എയ്ഞ്ചല്‍ അടിമാലിയെ മര്‍ദിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചല്‍ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ വേദിയില്‍ കയറി പകര്‍ത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥന്‍ മനപൂര്‍വം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്.

ഇയാളെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്‍റ് സോജന്‍ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിലും ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയിലെ നവകേരള സദസിന്‍റെ തുടക്കത്തിൽ നടത്തിയ പത്രസമ്മേളനത്തിലും പ്രതിഷേധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പാർട്ടി ഗുണ്ടകൾ മർദ്ദിക്കുന്നതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. തുടർന്ന് അടിമാലിയിലേക്കുള്ള യാത്രാമധ്യേ രണ്ടിടത്ത് കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് നെടുങ്കണ്ടത്ത് എത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കുന്ന ചിത്രമെടുക്കുന്നതിനിടയിൽ മംഗളം സീനിയർ ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചത്. നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ വ്യക്തമാക്കി.