ആരോഗ്യപ്രവർത്തകരുടെ ‘മാധ്യമവിലക്ക്’; നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, December 8, 2021

 

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏകാധിപതികളുടെ ഭരണത്തിന് കീഴിലാണ് ഇത്തരം ഉത്തരവുകളിറക്കുന്നത്. ഹെല്‍ത്ത് പട്ടാള സര്‍വീസാണോ എന്നും ഒരു ആശുപത്രിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു.

ഉത്തരവിന് നിയമപരമായ പിന്‍ബലമില്ല. നിയമവിരുദ്ധമായ ഉത്തരവ് പിന്‍വലിക്കണം. അട്ടപ്പാടിയിലെ സൂപ്രണ്ട് ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞതാണ് ഈ ഉത്തരവിന് പിന്നില്‍. കൊവിഡ് മരണങ്ങളും ആരോഗ്യ വകുപ്പ് മറച്ചുവെച്ചു. പ്രതിപക്ഷവും മാധ്യമങ്ങളും ഇല്ലായിരുന്നെങ്കില്‍ യാഥാര്‍ത്ഥ മരണക്കണക്ക് പുറത്തുവരില്ലായിരുന്നു. ജനങ്ങളുമായി ഏറ്റവും ബന്ധമുള്ള വകുപ്പാണ് ആരോഗ്യവകുപ്പ്. ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് പുതിയ ഉത്തരവിലൂടെ നിഷേധിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.