ന്യൂഡൽഹി: പേറ്റന്റഡ് മരുന്നുകളുടെ വില കമ്പനികൾ അനിയന്ത്രിതമായി കൂട്ടുന്ന സാഹചര്യമുണ്ടെന്നും ഇത് തടയാനും വലിയ രോഗങ്ങളുടെ അടക്കം ആവശ്യ മരുന്നുകളുടെ വില കുറക്കാൻ കേന്ദ്രസർക്കാർ നടപടികളെടുക്കുമോ എന്ന ടി എൻ പ്രതാപൻ എം പിയുടെ ചോദ്യത്തിന് അതിനുള്ള നടപടിക്രമങ്ങൾ കേന്ദ്രം ചെയ്തുവരുന്നതായി കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ ലോക്സഭയുടെ ചോദ്യോത്തര വേളയിൽ പറഞ്ഞു.
കൂടാതെ മരുന്നുകളുടെ പേറ്റന്റിനു അപേക്ഷിക്കുന്ന വനിതാ സംരംഭകരുടെ കമ്പനികൾക്ക് വാണിജ്യ മന്ത്രാലയവും ചെറുകിട കമ്പനികൾക്ക് ചെറുകിട വ്യവസായങ്ങളുടെ മന്ത്രാലയവും കിഴിവുകൾ നൽകി വിലനിയന്ത്രണത്തിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാൻസർ, ക്ഷയം, എച് ഐ വി, എച് സി വി തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ പേറ്റന്റിനു വേണ്ടി കേന്ദ്ര സർക്കാർ നൽകിയ പേറ്റന്റുകളുടെ വിവരങ്ങളും മന്ത്രി പ്രതാപന്റെ ചോദ്യത്തിന് ഉത്തരമായി നൽകി. 2007 മുതൽ 2019 വരെ 869 മരുന്നുകൾക്കാണ് പേറ്റന്റ് നല്കിയിട്ടുള്ളതെന്ന് കണക്കുകൾ പറയുന്നു.