പ്രവാസികൾക്കും ഇനി വോട്ട്; ഇ ബാലറ്റ് വോട്ടിംഗിന് വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി

Jaihind News Bureau
Tuesday, January 5, 2021

പ്രവാസികൾക്ക് ഇ ബാലറ്റ് വോട്ടിങ് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി. പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച ആരംഭിക്കും. കേരളത്തിൽ ഉൾപ്പെടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇ ബാലറ്റ് വോട്ടിങ് ഏർപ്പെടുത്താൻ സജ്ജമാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണായക ചുവടുവെപ്പാണ് പ്രവാസികൾക്ക് ഇ ബാലറ്റ് വോട്ടിങ് ഏർപ്പെടുത്തുന്നതിലൂടെ ഉണ്ടാകാൻ പോകുന്നത്. ഇ ബാലറ്റ് വോട്ടിങ് ഏർപ്പെടുത്തുന്നതിനുള്ള അനുമതി വിദേശ കാര്യ മന്ത്രാലയം നൽകി. പ്രവാസി സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തും. ഇ ബാലറ്റ് വോട്ടിങ് നടപ്പാക്കാൻ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 1961 ഭേദഗതി ചെയ്താൽ മതി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട്.

നിയമ ഭേദഗതി ആവശ്യപ്പെട്ട് നവംബർ 27 നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലോ സെക്രട്ടറിക്ക് കത്ത് നൽകിയത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഇ ബാലറ്റ് ഏർപ്പെടുത്താൻ സാങ്കേതികമായും ഭരണപരാമയും ഒരുക്കമാണ് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്ത് കോണ്സുലേറ്റുകൾ പ്രവാസി വോട്ടർക്ക് നൽകും. വോട്ട് രേഖപ്പെടുത്തിയ ശേഷം സാക്ഷ്യപത്രത്തോടൊപ്പം ബാലറ്റ് കൈമാറണം. ഇ ബാലറ്റ് വോട്ടുകൾ അതത് മണ്ഡലത്തിൽ കൃത്യമായി എത്തുന്നുവെന്നതിന്‍റെ ഉത്തരവാദിത്വം ചീഫ് ഇലക്ട്രൽ ഓഫീസർമാർക്കായിരിക്കും. ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇ ബാലറ്റ് വോട്ടിംഗിന് അവസരം ലഭിച്ചേക്കില്ല.