തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരായ മീ ടൂ ആരോപണം വീണ്ടും ചർച്ചയാവുന്നു. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വീണ്ടും ചർച്ചയാകുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് കൂടി പരാമർശിച്ചുകൊണ്ടായിരുന്നു സാങ്കേതിക പ്രവർത്തകയായ ടെസ് ജോസഫിന്‍റെ സ്റ്റോറി. അടുത്ത ചുവട് വെക്കാനുള്ള വെളിച്ചം കണ്ടെത്തുകയാണ് വേണ്ടതെന്നും എവിടെ നിന്ന് നീതി ലഭിക്കുമെന്നും ടെസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു സിനിമാ മേഖല മുഴുവൻ നിശബ്ദതയിലാണെന്നും ടെസ്സ് ആരോപിച്ചു. ബോളിവുഡില്‍ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. മുകേഷ് പലവട്ടം തന്നെ മുറിയിലേക്ക് വിളിച്ചെന്നായിരുന്നു പരാതി. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടത്. അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ തന്‍റെ റൂം മുകേഷിന്‍റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സില്‍ ടെസ് തോമസ് കുറിച്ചിരുന്നു.