വനിതാ മതിലിൽ പങ്കെടുക്കാത്തതിന് കണ്ണൂർ മയ്യിൽ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. മയ്യിൽ പഞ്ചായത്ത് പതിനാലാം വാർഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളികൾക്കാണ് വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിൽ നിഷേധിച്ചത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് മയ്യിൽ പഞ്ചായത്ത്.
മയ്യിൽ പഞ്ചായത്ത് പതിനാലാം വാർഡ് കയരളം മേച്ചേരിയിലെ മുപ്പതോളം തൊഴിലാളികള്‍ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴാണ് തൊഴിൽ ഇല്ലെന്ന് പഞ്ചായത്ത് മെമ്പർ അറിയിച്ചത്. വനിതാ മതിലില്‍ പങ്കെടുക്കാത്തവരെ തൊഴിലെടുക്കാന്‍ അനുവദിക്കേണ്ട എന്ന് മയ്യില്‍ പഞ്ചായത്ത് അധികൃതര്‍ എടുത്ത തീരുമാനപ്രകാരമാണ് തങ്ങള്‍ക്ക് തൊഴില്‍ നിഷേധിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു.
തൊഴിൽ നിഷേധത്തെ തുടർന്ന് തൊഴിലാളികളായ സ്ത്രീകൾ സംഘടിതരായി പ്രതിഷേധവുമായി മയ്യില്‍ പഞ്ചായത്ത് ഓഫിസില്‍ എത്തി സെക്രട്ടറിക്ക് പരാതി നല്കി. തൊഴിൽ നിഷേധിച്ച സംഭവത്തെ കുറിച്ച് അന്വേഷിച്ച് മറുപടി നല്‍കാമെന്ന് സെക്രട്ടറി നല്കിയ ഉറപ്പ് തൊഴിലാളികള്‍ അംഗീകരിക്കാന്‍ തയാറായില്ല. പരാതിയുമായി എത്തിയ തങ്ങളോട് ഉദ്ദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതായും തൊഴിലാളികള്‍ ആരോപിച്ചു.
തൊഴിൽ നിഷേധത്തിനെതിരെ ജില്ലാ കലക്ടര്‍ക്കും മറ്റ് അധികാരികൾക്കും പരാതി നല്കുവാനുളള തയാറെടുപ്പിലാണ് തൊഴിൽ നിഷേധിക്കപ്പെട്ട തൊഴിലാളികള്‍. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ് മയ്യിൽ പഞ്ചായത്ത്. പാർട്ടി അനുഭാവികൾ ഉൾപ്പടെയുള്ള സ്ത്രീകളെയാണ് വനിതാ മതിലിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നത്.