മേയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം ; കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ഉത്തരവ്

Jaihind Webdesk
Wednesday, October 30, 2024


തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. കേസ് ശരിയായ ദിശയില്‍ മുന്നോട്ട് പോകണമെങ്കില്‍ കോടതിയുടെ മേല്‍നോട്ടം അനിവാര്യമാണെന്നാണ് കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായിരുന്ന യദുവിന്റെ ആവശ്യം. മൂന്ന് മാസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

 

മേയര്‍ക്കെതിരെ താന്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് യദുവിന്റെ വാദം. എന്നാല്‍ തനിക്കെതിരെ മേയര്‍ കൊടുത്ത പരാതിയില്‍ പൊലീസ് അതിവേഗം നടപടികള്‍ സ്വീകരിക്കുന്നുവെന്നും യദു പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.