മേയര്‍- ഡ്രൈവർ തർക്കം; ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ നിയമനടപടിക്കൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ

Friday, May 3, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും  ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിയമനടപടിക്കൊരുങ്ങി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ്  സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കണമെന്നാണ് യദുവിന്‍റെ ആവശ്യം. നാളെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യും.

അതേസമയം കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അന്വേഷണം ഇഴയുകയാണ്. ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. ബസിലെ കണ്ടക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സംഭവം നടന്നയുടന്‍ ഇയാള്‍ എ എ റഹിം എംപിയെ വിളിച്ചിരുന്നതായി കഴിഞ്ഞദിവസം എംപി തന്നെ സ്ഥിരീകരിച്ചിരുന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ സിസിടിവികള്‍ പോലീസ് പരിശോധിക്കുകയാണ്. ഇവിടെ ഈ സമയമുണ്ടായിരുന്ന കൂടുതല്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. കേസില്‍ അടിമുടി ദുരൂഹത തുടരുകയാണ്.