മേയർ വിവാദം: മെമ്മറി കാർഡ് കണ്ടെത്താനാകാതെ പോലീസ്; കെഎസ്ആർടിസി ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യും

Jaihind Webdesk
Saturday, May 11, 2024

 

തിരുവനന്തപുരം: മേയർ വിവാദത്തില്‍ കെഎസ്ആർടിസി ബസിലെ സിസി ടിവി മെമ്മറി കാർഡ് കണ്ടെത്താനാകാതെ പോലീസ്. കെഎസ്ആർടിസി ജീവനക്കാരെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും കാര്യമായ തുമ്പൊന്നും പോലീസിന് ലഭിച്ചില്ല. കെഎസ്ആർടിസി ബസിലെ കണ്ടക്ടർ സുബിൻ, സ്റ്റേഷൻ മാസ്റ്റർ ലാല്‍ സജീവ്, ഡ്രൈവർ യദു എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിൽ വൈരുധ്യം ഉള്ളതിനാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യും. മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യൽ.

കെഎസ്ആർടിസി ബസിലെ ഡ്രൈവർ യദുവിനെയും കണ്ടക്ടർ സുബിനെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക. സാഫല്യം കോപ്ലക്‌സിന് മുന്നിൽ വെച്ചാണ് മേയറും സംഘവും ബസ് തടയുകയും ഡ്രൈവറുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തത്. തുടർന്ന് പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിൽ കൊണ്ടു പോവുകയായിരുന്നു. ഇതോടെ കണ്ടക്ടർക്കായി ബസിന്‍റെ ഉത്തരവാദിത്വം. മെമ്മറി കാർഡ് വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം സ്റ്റേഷൻ മാസ്റ്റർക്കുമുണ്ടായിരുന്നു.

കണ്ടക്ടർ സുബിൻ തർക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. മെമ്മറി കാര്‍ഡ് നഷ്ടമായതിൽ തനിക്ക് അറിവില്ലെന്ന് ഡ്രൈവർ യദു പോലീസിനോട് വ്യക്തമാക്കി.

അതേസമയം ഡ്രൈവർ യദുവിന്‍റെ പരാതിയില്‍ ബസ് തടഞ്ഞ മേയർ ആര്യാ രാജേന്ദ്രന്‍, ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് ഉള്‍പ്പെടെ അഞ്ചുപേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തില്‍ ഡ്രൈവർ യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതിനിടെ സ്റ്റേഷന്‍ മാസ്റ്റർ ലാൽ സജീവിനെ രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ വന്ന പത്തോളം പോലീസുകാർ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നിരുന്നു. ലാല്‍ സജീവ് ഹൃദ്രോഗി ആണെന്നും ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണെന്നും വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഭാര്യ പറഞ്ഞു.