ബസിലിരുന്ന് ആഗ്യം കാട്ടിയാല്‍ കാറിലിരിക്കുന്ന മേയറിന് കാണാമെന്ന് പോലീസ്! മേയറുടെ പരാതിയില്‍ അന്വേഷണം ‘സൂപ്പർ ഫാസ്റ്റ്’; യദുവിന്‍റെ പരാതിയിലെ അന്വേഷണം ‘കട്ടപ്പുറത്ത്’

 

തിരുവനന്തപുരം: മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിന് കാരണമായ സംഭവം പുനഃരാവിഷ്കരിച്ച് അന്വേഷണസംഘം. സംഭവം നടന്ന പട്ടം മുതൽ പിഎംജി വരെ രാത്രിയിൽ കെഎസ്ആർടിസി ബസും കാറും ഓടിച്ചാണ് പോലീസ് സംഭവം പുനഃരാവിഷ്കരിച്ചത്. കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ സീറ്റിൽ ഇരുന്ന് ആംഗ്യം കാട്ടിയാൽ കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് കാണുവാൻ കഴിയുമെന്ന് തെളിഞ്ഞെന്ന് പോലീസ് പറയുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം മേയർക്കും ഭർത്താവിനും എതിരെ കേസെടുത്തെങ്കിലും തുടർനടപടി സ്വീകരിക്കാത്ത പോലീസ് യദുവിനെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് സംഭവം പുനഃരാവിഷ്കരിച്ചത്.

മേയറുടെ കാറും കെഎസ്ആർടിസി ബസും ഉപയോഗിച്ചാണ് കേസന്വേഷിക്കുന്ന കന്‍റോൺമെന്‍റ് പോലീസ് സംഭവം പുനഃരാവിഷ്കരിച്ചത്. കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവർ സീറ്റിൽ ഇരുന്ന് ആംഗ്യം കാട്ടിയാൽ കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് കഴിയുമോ എന്ന പരീക്ഷണമാണ് പോലീസ് നടത്തിയത്. പോലീസ് ഇത് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി ബസ് ഡ്രൈവർ യദു അശ്ലീല ആംഗ്യം കാട്ടിയെന്ന പരാതിയിലാണ് പോലീസ് നീക്കം. മേയർ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ യദുവിനെതിരെ രഹസ്യ മൊഴി നൽകിയിരുന്നു. ഇതിന് സാഹചര്യ തെളിവുകൾ കൂടി കണ്ടെത്തുന്നതിനുള്ള ഭാഗമായിട്ടാണ് പോലീസ് നടപടി. യദുവിനെതിരെയുള്ള കേസുകൾ കൂടുതൽ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

അതേസമയം യദുവിന്‍റെ പരാതിയിൽ കോടതി നിർദേശപ്രകാരം മേയർക്കും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതിനിടയിലാണ് യദുവിനെതിരെയുള്ള നീക്കം പോലീസ് ശക്തമാക്കിയത്. കെഎസ്ആർടിസി ബസിലെ സിസി ടിവി മെമ്മറി കാർഡ് നഷ്ടപ്പെട്ട കേസിലെ അന്വേഷണവും ഒന്നുമായില്ല. സ്വാധീനം ഉപയോഗിച്ച് മേയറും ഭർത്താവും സച്ചിൻ ദേവ് എംഎൽയും ചേർന്ന് സിസി ടിവി മെമ്മറി കാർഡ് നശിപ്പിച്ചു എന്നുള്ള ഗുരുതരമായ ആരോപണം എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇവരെ ചോദ്യം ചെയ്യാനോ മൊഴിയെടുക്കാനോ പോലീസ് തയാറായിട്ടില്ല.ഇതിനിടയിലാണ് യദുവിനെതിരെയുള്ള നടപടികളുമായി പോലീസ് മുന്നോട്ടുപോകുന്നത്. യദുവിനെതിരെ കുറ്റപത്രം തയാറാക്കി ഉടൻ കോടതിയിൽ സമർപ്പിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

Comments (0)
Add Comment