തിരുവനന്തപുരം കോർപറേഷനിൽ നികുതി വെട്ടിപ്പ് സ്ഥിരീകരിച്ച് മേയർ. നികുതി വെട്ടിപ്പ് നടന്നതായി മേയർ സ്ഥിരീകരിച്ചത് കൗൺസിൽ യോഗത്തിലെ യുഡിഎഫ് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തെ തുടർന്ന്. പണം ബാങ്കിലടക്കാതെ ഉദ്യോഗസ്ഥർ അഴിമതി നടത്തിയെന്നാണ് മേയറുടെ വിശദീകരണം.
നിരന്തരമായുള്ള യുഡിഎഫ് പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധത്തുടർന്നാണ് നഗരസഭയിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടന്നെന്ന് മേയർ സ്ഥിരീകരിക്കുന്നത്. മുമ്പ് നടന്ന കൗൺസിൽ യോഗങ്ങളിൽ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടും മേയർ അംഗീകരിച്ചിരുന്നില്ല. പ്ലാസ്റ്റിക് നിരോധനം ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ നടുത്തളത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തു. ഒടുവിൽ മേയർ നികുതി വെട്ടിപ്പ് വിശദീകരിച്ചു. നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും മേയർ അറിയിക്കുകയായിരുന്നു.
എന്നാൽ വിശദീകരണത്തിൽ തൃപ്തരല്ലെന്നും ഡെപ്യൂട്ടി മേയർക്ക് അടക്കം വെട്ടിപ്പിൽ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തണവുമെന്നും യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. നികുതി വെട്ടിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.