കോഴിക്കോട്: കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന് എംപി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആര്യ മേയര്‍ പദവിയിലിരിക്കാന്‍ ഇനി യോഗ്യ അല്ലെന്നും അവരെ താഴെ ഇറക്കുന്നത് വരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കെ മുരളീധരന് എംപി പറഞ്ഞു.
‘കത്ത് ഒറിജിനിലാണെങ്കില്‍ ആര്യ രാജേന്ദ്രന് സത്യപ്രതിജ്ഞാ ലംഘനം നടത്തി, ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത ഇല്ല. മറ്റാരെങ്കിലും തയാറാക്കിയ വ്യാജ കത്താണെങ്കില്‍ സ്വന്തം ഓഫീസിലെ ലെറ്റര്‍ പാഡും സീലും സൂക്ഷിക്കാന്‍ അറിയില്ലെങ്കില്‍ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നത്? നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്. ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ പറയുന്നില്ല. ഇങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നതാണ്, കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മുഖ്യമന്ത്രി അതിന്റെ ടോപ്പില്‍ എത്തി നില്ക്കുമ്പോള് ആര്യയ്ക്ക് ആര്യയുടേതായ സംഭാവന ചെയ്യണമല്ലോ. പക്ഷേ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ല, എത്രയോ മഹാന്മാര് ഇരുന്ന കസേരയാണിത് ‘- കെ മുരളീധരന് എംപി പറഞ്ഞു.
മേയര്‍ ആര്യാ രാജേന്ദ്രന് രാജി വെക്കും വരെ യുഡിഎഫ് സമരം ചെയ്യുമെന്നും കെ മുരളീധരന് എംപി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.