പീഡനക്കേസ് പ്രതിക്കായി ജോസഫൈനും മന്ത്രിയും ഇടപെട്ടു, ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ല ; വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ മയൂഖ ജോണി

Jaihind Webdesk
Monday, June 28, 2021

തൃശൂർ : വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി.ജോസഫൈനെതിരെ ഗുരുതര ആരോപണവുമായി കായിക താരം മയൂഖ ജോണി. പീഡന കേസിലെ പ്രതിക്ക് വേണ്ടി ജോസഫൈൻ ഇടപെട്ടുവെന്ന് മയൂഖ വെളിപ്പെടുത്തി. കേസിൽ ഇരയായ തന്റെ സുഹൃത്തിന് ഇതുവരെ നീതി ലഭിച്ചില്ലെന്നും മയൂഖ ജോണി തൃശൂരിൽ പറഞ്ഞു.

തൃശൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം വിളിച്ചാണ് പൊലീസിനും ജോസഫൈനും എതിരെ ഗുരുതര ആരോപണങ്ങളുമായി മയൂഖ ജോണി രംഗത്തെത്തിയത്. 2016 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തായ പെൺകുട്ടി ബലാൽസംഗത്തിനിരയായി. ചാലക്കുടി സ്വദേശി സി.സി. ജോൺസണെതിരെയായിരുന്നു പരാതി. സുഹൃത്തിനെ ബലാൽസംഘം ചെയ്തെന്നും നഗ്ന ഫോട്ടോകൾ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും മയൂഖ പറഞ്ഞു.
ഭയത്തെ തുടർന്ന് ഇര ആദ്യം പരാതി നൽകാൻ തയ്യാറായില്ല.

2018 ൽ വിവാഹിതയായതിന് ശേഷവും ജോൺസൺ ഭീഷണി തുടർന്നു. പൊലീസിലും , വനിതാ കമ്മീഷനിലും ഉൾപ്പടെ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നടപടി സ്വീകരിച്ചില്ല. റൂറൽ പോലീസ് ആദ്യം നല്ല രീതിയിൽ പ്രതികരിച്ചു. പിന്നീട് നിരുത്സാഹപ്പെടുത്തിയെന്നും മയൂഖ പറഞ്ഞു. വിഷയത്തിൽ ഇടപെട്ടതിന് പ്രതി തനിക്ക് നേരെയും പരസ്യമായി ഭീഷണി മുഴക്കിയതായും മയൂഖ വ്യക്തമാക്കുന്നു.