വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിലേക്ക് പോലീസ് നായകളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യ ശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളാണ് മായയും മർഫിയും. ഉച്ചയോടെ വയനാട്ടിലേക്ക് എത്തുമെന്നാണ് സൂചന. 30 അടിയിൽ നിന്നുവരെ മനുഷ്യ ശരീരങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ നായകളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പോലീസ് നായയായിരുന്നു. നായ്ക്കളുമായി പോലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വളരെ ഭയാനകമായ ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ പോലീസ് നായ്ക്കളുടെ സഹായം വേണ്ടിവരും. പുഴയുടെ ഇരുകരകളിലും വീടുകളുണ്ടായിരുന്നു. ആ ഭാഗത്തുള്ള വീടുകളെല്ലാം തന്നെ പൂർണമായി ഒലിച്ചു പോയിരിക്കുകയാണ്.
വയനാട് ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 62 ആയി ഉയർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ മുണ്ടക്കൈ ടൗണിൽ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായി. മൂന്ന് ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. നിരവധി പേർക്ക് പരുക്കേറ്റു. മേപ്പാടി ആശുപത്രിയിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്.