മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം അവസാനിച്ചു; വോട്ടെടുപ്പ് 20 ന്

Jaihind Webdesk
Thursday, August 18, 2022

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണം. മറ്റന്നാളാണ് തെരഞ്ഞെടുപ്പ്. മട്ടന്നൂർ നഗര സഭയിൽ ഭരണം പിടിക്കാൻ യുഡിഎഫും ഭരണം നിലനിലനിർത്താൻ എൽഡിഎഫും തമ്മിൽ ഇഞ്ചോട് ഇഞ്ചുള്ള പോരാട്ടമാണ് നടക്കുന്നത്. ആ വീറും വാശിയുമാണ് പ്രചാരണത്തിന്‍റെ സമാപന ദിവസമായ ഇന്ന് മട്ടന്നൂരിൽ ദൃശ്യമായത്.

യുഡിഎഫിന്‍റെ പ്രചാരണത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ എത്തിയത് യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി. ഷാഫി പറമ്പിൽ നടത്തിയ റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. റോഡ് ഷോ കടന്നുപോയ വഴികളിലെല്ലാം ആവേശം അലയടിച്ചു. മട്ടന്നൂരിലെ വികസന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ യുഡിഎഫിനെ വിജയിപ്പിക്കണമെന്ന ആഹ്വാനമാണ് ഷാഫി പറമ്പിൽ മട്ടന്നൂരിൽ നടത്തിയത്.

ആകെയുള്ള 35 സീറ്റിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് പ്രധാന മത്സരം. നീണ്ട 25 വർഷക്കാലമായി നഗരസഭ ഭരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് ഭരണം കൊണ്ട് മട്ടന്നൂരിൽ അടിസ്ഥാന വികസനം നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന യാഥാർത്ഥ്യമാണ് യുഡിഎഫ് മട്ടന്നൂരിലെ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചത്. അത് വോട്ടായി മാറുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. മറുവശത്ത് എൽഡിഎഫ് ആവട്ടെ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ഭരണം നിലനിർത്താനുള്ള തീവ്രയത്നത്തിലാണ്. സിപിഎം മന്ത്രിമാരും മുതിർന്ന നേതാക്കളും ഉള്‍പ്പെടെയുള്ളവർ മട്ടന്നൂരിൽ പ്രചാരണത്തിന് എത്തി.