കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെഏഴു ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടറിമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല എന്ന് പറയാൻ ഗോവിന്ദന് ആർജ്ജവം ഉണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ പാർട്ടി സെക്രട്ടറി തയാറാകുമോ എന്നും ഇല്ലെങ്കില്‍ തനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ മാത്യു കുഴല്‍നാടന്‍, എം.വി. ഗോവിന്ദന്‍ ഉന്നയിച്ച ഏഴു ചോദ്യങ്ങള്‍ക്കും അക്കമിട്ട് വ്യക്തമായ ഉത്തരവും നല്‍കി. മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണയ്ക്ക് പ്രതിരോധം തീർക്കാനാണ് തനിക്കെതിരായ ആരോപണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അതിന് മറുപടി ലഭിച്ചിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. അന്തരീക്ഷത്തില്‍ ആരോപണം ഉന്നിയിച്ചുപോകുന്നതല്ല തന്‍റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മാത്യു കുഴല്‍നാടന്‍ സിപിഎം നേതാക്കളെയും പാർട്ടി സെക്രട്ടറിയെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയത്.
ചിന്നക്കനാലിൽ ഭൂമി വാങ്ങിയതിലെ നികുതിവെട്ടിപ്പ്, അനധികൃത സ്വത്തു സമ്പദനം, അഭിഭാഷക ജോലിയിൽ തുടരുമ്പോഴും ബിസിനസ് ചെയ്തു തുടങ്ങി 7 ചോദ്യങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാത്യു കുഴൽനാടനോട് ചോദിച്ചത്. ഇതിനെ ഓരോന്നിനും മറുപടി പറഞ്ഞായിരുന്നു മാത്യുവിന്‍റെ വാർത്താസമ്മേളനം നടന്നത്. താന്‍ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും ഭൂനിയമം ലംഘിച്ച് പണിതത് എകെജി സെന്‍ററാണെന്നും മാത്യു കുഴല്‍നാടന്‍ തിരിച്ചടിച്ചു. ഹോം സ്റ്റേ നടത്തിപ്പ് ലൈസൻസ് പ്രകാരമാണ്. ചിന്നക്കനാലിൽ വീട് നിർമ്മിച്ചത് റസിഡൻഷ്യൽ നിയമപ്രകാരമാണ്. മാർക്കറ്റ് വാല്യു സത്യസന്ധമായി പറഞ്ഞതാണ് ഇപ്പോൾ ആരോപണമായി തനിക്കെതിരെ ഉന്നയിക്കുന്നത്. സ്വകാര്യ കെട്ടിടം എന്ന് പറയാൻ കാരണം അത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം കിട്ടിയതു കൊണ്ടാണ്. മൂന്നാറിലെ പല റിസോർട്ടുകളും നിര്‍മ്മാണ പ്രവൃത്തികളും ഭൂനിയമം ലംഘിച്ചു കൊണ്ടുള്ളതാണ്. അതിന്‍റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തന്നോട് ചോദിച്ചത്. പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവിൽ ചിന്നക്കനാലിൽ പണിതത് റെസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. അത് 100 ശതമാനം നിയമവിധേയമാണ്. എന്നാൽ എം.വി. ഗോവിന്ദൻ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയ എകെജി സെന്‍റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടമാണെന്നും കുഴൽനാടൻ പറഞ്ഞു.
“സിപിഎമ്മിന്‍റെ പ്രഖ്യാപിത നയങ്ങൾക്കെതിരായാണ് ഇന്നു പാർട്ടി നേതാക്കള്‍ പ്രവർത്തിക്കുന്നത്. ഈ ആരോപണങ്ങൾ മുഴുവൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളെ ചെറുക്കാൻ വേണ്ടിയാണ്. സിപിഎമ്മിന്‍റെ മുഴുവൻ ഊർജവും ധാർമിക ബലവും പാരമ്പര്യവും എല്ലാം ഇതിനായി ഉപയോഗിക്കുകയാണ്. ഈ അവസരത്തിൽ സിപിഎം എന്ന പാർട്ടി എവിടെയെത്തി നില്‍ക്കുകയാണ്? പാർട്ടിയുമായി ബന്ധപ്പെട്ട ആരും അനധികൃത സ്വത്ത് സമ്പാദിക്കരുതെന്നുള്ള പ്രമേയം പലതവണ സിപിഎം സമ്മേളനങ്ങളിൽ പാസാക്കിയതാണ്. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാവുമോ? ഇടുക്കിയിലെ സി.വി.വർഗീസാണ് രണ്ടാമത്തെ ആൾ. ഇവർക്കെതിരെ വിരൽ ചൂണ്ടാൻ നിങ്ങൾ തയ്യാറാണോ? കുറഞ്ഞപക്ഷം പാർട്ടിക്കാരോടെങ്കിലും ഇക്കാര്യം പറയാൻ നിങ്ങൾക്കാകുമോ? ഇതിന്‍റെ യാഥാർത്ഥ്യം പുറത്തുവന്നാൽ നിങ്ങൾ ഉടുതുണിയില്ലാത്ത അവസ്ഥയിലാകും. ഇതു ചോദിക്കാൻ സിപിഎമ്മിൽ ഒരാളുപോലും ഇല്ല’’ – മാത്യു കുഴൽനാടൻ പറഞ്ഞു.
അഭിഭാഷക വൃത്തിയോടൊപ്പം നിയമവിരുദ്ധമായി ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. അഭിഭാഷക ജോലി ചെയ്യുന്ന ആൾക്ക് വ്യവസായത്തിൽ നിക്ഷേപം നടത്താൻ പാടില്ലെന്ന നിയമമില്ല. 9 കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തിൽ തനിക്കുള്ള 24 ശതമാനം പങ്കാളിത്തത്തേക്കുറിച്ചാണ് പറഞ്ഞത്. അതിന്‍റെ മാർക്കറ്റ് വില ഏകദേശം 9 കോടി വരുമെന്നാണ് പറഞ്ഞത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു. പൊതുജനത്തിനു മുൻപിൽ പുകമറ സൃഷ്ടിക്കാനാണ് നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചെന്ന് വീണ്ടും ആരോപിക്കുന്നത്. തോമസ് ഐസക്ക് പിന്മാറിയ സ്ഥിതിക്ക് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നേരിട്ടുവന്ന് പരിശോധിക്കാമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
തന്‍റെ അനധികൃത സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളൊക്കെ കൃത്യമായി നികുതി അടച്ചതിന്‍റെ രേഖകളടക്കം ആർക്കുവേണമെങ്കിലും പരിശോധിക്കാം. വിജിലൻസോ ഇഡി യോ അല്ലെങ്കിൽ സിപിഎമ്മിന് വിശ്വാസ്യുള്ള ഏത് ഏജൻസിക്കും പരിശോധിക്കാം. എന്നാൽ സിപിഎമ്മിന്‍റെ എറണാകുളം, ഇടുക്കി ജില്ലാ സെക്രട്ടറിമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല എന്ന് പറയാൻ ഗോവിന്ദന് ആർജ്ജവം ഉണ്ടോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്കുവേണ്ടി മാത്രം പ്രവർത്തിക്കുന്ന പാർട്ടിയായി സിപിഎം അധഃപ്പതിച്ചു. അതുകൊണ്ടുതന്നെ ഇത്തരം ആളുകൾക്കെതിരെ ശബ്ദിക്കാൻ ആ പാർട്ടിയിൽ ആളില്ലാതായെന്നും മാത്യുകുഴൽ നാടൻ പറഞ്ഞു.